ഫറോക്ക്: തലമുറകൾക്ക് ജീവിതം നൽകിയ ഓട്ടുകമ്പനികളിൽ ഫറോക്ക് മേഖലയിൽ ഇനി ബാക്കിയുള്ള കമ്പനി ഒരു നൂറ്റാണ്ട് പഴക്കമുള്ള കോമൺവെൽത്ത് ടൈൽസ് മാത്രം. പലപ്പോഴായി പൂട്ടിയത് 17 കമ്പനികൾ. 5000 പേർക്ക് നേരിട്ട് തൊഴിൽ. 5,000ത്തോളം പേർക്ക് പരോക്ഷമായി ജോലി. എല്ലാം ഇനി ഓർമ.
ആ പഴയ കാലം ഇനി ഉണ്ടാകില്ല. തൊഴിലാളി കുടുംബങ്ങളിൽ പലർക്കും സമൃദ്ധിയുടെ ഓണക്കാലവും വർഷങ്ങളായി ഓർമ മാത്രം. ബോണസ് ഇല്ല. അഡ്വാൻസ് ഇല്ല. ജോലിയുമില്ല. മറ്റു പല ജോലികളിൽ മുഴുകി ഇനി ശിഷ്ടകാലം. ഓട് നിർമാണത്തിനുവേണ്ട കളിമണ്ണിന് ക്ഷാമം നേരിട്ടതോടെയാണ് വ്യവസായം പ്രതിസന്ധിയിലായത്.
ഫാക്ടറി നിലനിർത്താൻ വേണ്ടി കോമൺവെൽത്ത് കമ്പനി കർണാടകയിൽനിന്നാണ് മണ്ണ് എത്തിക്കുന്നത്. 18 ഫാക്ടറികളിൽ ആറെണ്ണം വളരെ മുമ്പുതന്നെ ഉൽപാദനം നിർത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഒന്നൊന്നായി 11 ഫാക്ടറികൾകൂടി അടച്ചു. എല്ലാ ഫാക്ടറികളിലുമായി 5,000ത്തോളം പേർ ജീവനക്കാരായുണ്ടായിരുന്നു.
കയറ്റിറക്കുമായി ബന്ധപ്പെട്ട തൊഴിലാളികൾ, ഡീസൽ എത്തിക്കുക, കമീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ തുടങ്ങി കളിമണ്ണ് എത്തിക്കുന്നതുൾപ്പെടെയുള്ള തൊഴിലാളികളുടെ എണ്ണമെടുത്താൽ ഇതു ചുരുങ്ങിയത് 5,000ത്തോളം വേറെയും വരും.
ഫറോക്ക്, ചെറുവണ്ണൂർ, കൊളത്തറ, പന്തീരാങ്കാവ്, കാരാട്, കടലുണ്ടി, രാമനാട്ടുകര, വള്ളിക്കുന്ന്, പരപ്പനങ്ങാടി, ബേപ്പൂർ എന്നീ മേഖലകളിലെ വലിയൊരു ശതമാനം കുടുംബങ്ങളുടെയും ദൈനംദിന ജീവിതത്തെയാണ് ഓട് വ്യവസായത്തിന്റെ പിറകോട്ടടി തളർത്തിയത്.
അരനൂറ്റാണ്ട് മുമ്പ് ഇരട്ടപ്പാത്തി ഓട് രണ്ടു രൂപക്ക് വിൽപന നടത്തിയ ടൈൽസ് ഏജന്റായിരുന്നു പരേതനായ പെരിങ്കടക്കാട്ട് അബ്ദുറഹിമാൻ ഹാജി. പിതാവിന്റെ പാത പിന്തുടർന്ന് കോയമോൻ ഫറോക്ക് ഇതേ ഓട് 50 രൂപക്കാണ് ഇപ്പോൾ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.