ഫറോക്ക്: ഓടു വ്യവസായത്തിന്റെ സിരാകേന്ദ്രമെന്ന ബഹുമതി ഫറോക്കിന് അന്യമാകുന്നു. ഓടു വ്യവസായത്തിൽ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരുന്ന മേഖലയിൽ ഒരു കമ്പനികൂടി വിടവാങ്ങി. നാലര പതിറ്റാണ്ട് മുമ്പ് 48 അംഗങ്ങളിൽനിന്ന് ഷെയർ പിരിച്ചെടുത്ത് പിൽക്കാലത്ത് തൊഴിലാളികളുടെ സ്വന്തം സ്ഥാപനമായി മാറിയ സ്റ്റാൻഡേഡ് ടൈൽസാണ് വിൽപന നടത്തിയത്.
12 ഏക്കർ സ്ഥലത്ത് പത്തോളം വൻകിട കെട്ടിടങ്ങളുള്ള കമ്പനി 78 കോടി രൂപക്ക് ബംഗളൂരു ആസ്ഥാനമായ അംബിക കൺസ്ട്രക്ഷനാണ് വാങ്ങിയത്. രണ്ടു കോടി ടോക്കണടക്കം 32 കോടി രൂപ കരാർ എഴുതി ടൈൽസ് കമ്പനിക്ക് നൽകി. ബാക്കി 46 കോടി രൂപ ലഭിക്കുന്നപക്ഷം തൊഴിലാളികളുടെ ഷെയർ വിഹിതം നൽകുമെന്ന് മാനേജിങ് ഡയറക്ടർ പി. സുബ്രഹ്മണ്യൻ നായർ അറിയിച്ചു.
1978ൽ 1250 രൂപ ഷെയർ പ്രകാരം 48 പേരിൽനിന്നായി സമാഹരിച്ചെടുത്ത പണം കൊണ്ടാണ് സ്റ്റാൻഡേഡ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. ബംഗളൂരുവിലുള്ള വിജയകുമാർ മുതല്യാരിൽനിന്ന് കമ്പനി വാങ്ങുമ്പോൾ പല ഭാഗത്തുനിന്നും കടമെടുക്കേണ്ടി വന്നു. എന്നാൽ, ഗുണമേന്മയുള്ള ഓടിന്റെ ഉൽപാദനം ആരംഭിച്ചതോടെ ഏതാനും വർഷത്തിനുള്ളിൽതന്നെ കടം തീർത്തു. ജീവനക്കാർക്ക് ശമ്പളം നൽകുന്ന ആദ്യ കമ്പനിയെന്ന ഖ്യാതിയും സ്റ്റാൻഡേഡ് നേടി.
40 ശതമാനം ബോണസ് നൽകി ഓടു വ്യവസായ മേഖലയിൽതന്നെ ഒന്നാമനായി നിലകൊണ്ടു. 2020 ആഗസ്റ്റിൽ ഉൽപാദനം നിർത്തി. പി.എഫ്, ജി.എസ്.ടി, കനറ, കോഓപറേറ്റിവ് ബാങ്ക് എന്നിവിടങ്ങളിലുള്ള കട ബാധ്യത തീർക്കും. അഡ്വാൻസ് ലഭിച്ച ബാക്കി തുക 350 തൊഴിലാളികൾക്കും വീതിച്ചുനൽകും.
രണ്ടാംഘട്ടം ലഭിക്കുന്നമുറക്ക് ബാക്കി തുകയും നൽകും. കമ്പനിക്ക് ആദ്യമേ നേതൃത്വം വഹിച്ച സുബ്രഹ്മണ്യൻ നായർ 2012ൽ പിരിഞ്ഞെങ്കിലും തൊഴിലാളികളുടെ ആവശ്യാർഥം 2020 ജനുവരിയിൽ വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു.
ഫറോക്ക്: ലോകോത്തര നിലവാരമുള്ള ഓടുകൾ വിദേശത്തേക്ക് കയറ്റിയയച്ച് ഫറോക്കിന്റെ പേരും പ്രശസ്തിയും ഉന്നതിയിലെത്തിച്ച മേഖലയാണ് ഓടു വ്യവസായം. പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഒമ്പതു കമ്പനികളിൽ അവശേഷിക്കുന്നത് ഇനി കോമൺവെൽത്ത് ടൈൽസ് മാത്രം.
കാലിക്കറ്റ് ടൈൽസ്, മലബാർ ടൈൽസ്, വെസ്റ്റ് കോസ്റ്റ് ടൈൽസ്, നാഷനൽ ടൈൽസ്, സ്വദേശി ടൈൽസ്, കേരള ടൈൽസ്, ഹിന്ദുസ്ഥാൻ ടൈൽസ്, സ്റ്റാൻഡേഡ് ടൈൽസ് എന്നിവ പൂട്ടി. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിച്ചിരുന്ന സ്ഥാപനങ്ങളായിരുന്നു ഈ ഓട്ടുകമ്പനികൾ.
സർക്കാർ ഉദ്യോഗം പോലെ കരുതിപ്പോന്നിരുന്ന ജോലിയായിരുന്നു ഇത്. മാത്രമല്ല, പിതാവ് ജോലിയിൽനിന്നു പിരിഞ്ഞാൽ മക്കൾക്ക് ജോലി കിട്ടുമെന്നുള്ളതും ടൈൽസ് കമ്പനികളിലേക്ക് ജീവനക്കാരെ ആകർഷിച്ചതിനു കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.