ഫറോക്ക്: കാലവർഷം ശക്തിപ്രാപിച്ചതോടെ ഫറോക്ക് മേഖലയിൽ പനിയും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായി. തിരിമുറിയാതെ പെയ്യുന്ന മഴയിൽ ജനജീവിതം ദുസ്സഹമാവുകയാണ്. തീരദേശം കടൽ വിഴുങ്ങിയ അവസ്ഥയാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തിരയിളക്കമാണ് ഇത്തവണ. ബൈത്താനി കടപ്പുറത്തുള്ള വീടുകളിലെല്ലാം വെള്ളക്കെട്ടാണ്. ഇവിടെ സുരക്ഷിതമെന്ന് കരുതിയിരുന്ന കിഴക്കുഭാഗത്തേക്കും തിരമാലകൾ ആഞ്ഞുവീശുന്നു. ഇന്നലെയും ആരും വീടൊഴിഞ്ഞ് പോവാൻ കൂട്ടാക്കിയില്ല.
ചാലിയം ഭാഗത്ത് സ്കൂളുകൾ സജ്ജമാക്കി അധികൃതർ കാത്തിരിക്കുകയാണ്. ബന്ധുക്കളുടെ സമ്മർദത്തിൽ വഴങ്ങി ചിലർ വീട് വിട്ടിറങ്ങി. മണ്ണൂർ പാറക്കടവ് ഭാഗത്ത് ഒരു കുടുംബത്തിലെ നാലു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് കൊതുകുകൾ പെരുകിയതാണ് പനി പടർന്നതിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടർ അനിതകുമാരി സമീപത്തുള്ള ആക്രിക്കട ശനിയാഴ്ചക്ക് മുമ്പ് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ആരോഗ്യ പരിപാലനം ശക്തമാക്കാനും അവർ ആവശ്യപ്പെട്ടു. മണ്ണൂർ ശ്രീപുരി റോഡ് വെള്ളത്തിൽ മുങ്ങി. ചാലിയാറിലും കടലുണ്ടിയിലും ഒഴുക്ക് ശക്തമായി. മലവെള്ളം ഇറങ്ങുന്നത് മൂലം വെള്ളത്തിന് മഞ്ഞ നിറമാണ്. വെസ്റ്റ് നല്ലൂർ, പള്ളിത്തറ, മുക്കോണം, പുറ്റേക്കാട് ഭാഗത്തുള്ളവർക്ക് യാത്രാദുരിതം ഇരട്ടിയായി. റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി.
രാമനാട്ടുകര പാറമ്മൽ അംഗൻവാടിയിൽ വെള്ളം കയറി. സോവാ മന്ദിരം സ്കൂളിന്റെ എതിർ ഭാഗത്തെ റോഡ് പണി നിർത്തിവെച്ചതിനാൽ സമീപത്തെ വീടുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. അസി. കലക്ടർ വി. ചെത്സാസിനി, തഹസിൽദാർ എ.എം. പ്രേംലാൽ, വില്ലേജ് ഓഫിസർ സി.കെ. സുരേഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
ചാലിയം കടുക്ക ബസാർ ഗവ. എ.എൽ.പി സ്കൂളിന്റെ മതിലിനടുത്ത് മരം കടപുഴകി വീണു. മരാമത്ത് റോഡിൽ സ്കൂളിനോട് ചേർന്നായിരുന്നു മരം. അവധിയായതിനാൽ ആളപായം ഉണ്ടായില്ല. ഫാറൂഖ് കോളജ് റോഡിൽ തിരിച്ചാലങ്ങാടി, ഉണ്ണിയാലുങ്ങൽ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.
ചുങ്കം എട്ടേനാലിൽ കുന്നത്തുമോട്ട എസ്.സി കോളനിയിൽ വേലായുധന്റെ വീടിന്റെ അടുക്കളഭാഗവും കോളനിയുടെ മതിലും നിലംപൊത്തി. ആറു മീറ്റർ താഴ്ചയുള്ളതിനാൽ താഴെ താമസിക്കുന്ന വീട്ടുകാരും അപകടഭീഷണിയിലാണ്. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, ഡെപ്യൂട്ടി ചെയർപേഴ്സൻ കെ. റീജ എന്നിവർ സ്ഥലം സന്ദർശിച്ചു. രാമനാട്ടുകര നഗരസഭയിലെ കരുവങ്ങാട്ടുകുഴി അക്ഷര അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നു. അംഗൻവാടി കെട്ടിടവും സുരക്ഷഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.