ഫറോക്ക്: ദിനേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചാലിയം കടവിലെ ജങ്കാർ സർവിസ് വീണ്ടും നിലച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സർവിസ് നിർത്തിയത്. വിദ്യാലയങ്ങൾ തുറന്നതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചു. കടലുണ്ടി, ചാലിയം ഭാഗങ്ങളിൽനിന്നു പോകുന്ന വിദ്യാർഥികളും പരപ്പനങ്ങാടി, തിരൂർ ഭാഗങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഒട്ടനവധി വാഹനയാത്രക്കാരും ചാലിയത്ത് കുടുങ്ങി.
ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന ജങ്കാറിന്റെ പ്രൊപ്പല്ലർ ഊരി ചാലിയാറിൽ വീണതാണ് കാരണം. ജങ്കാറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന യന്ത്രമാണ് പ്രൊപ്പല്ലർ. കുത്തിയൊഴുകുന്ന ചാലിയാറിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇരട്ട എൻജിൻ ജങ്കാറാണ് ഇവിടെ സർവിസ് നടത്തുന്നത്.
അതിനാൽ ഒരു എൻജിനിലും അതോടുചേർന്ന ഒരു പ്രൊപ്പല്ലറിലും ജങ്കാർ ഓടിക്കൊണ്ടിരിക്കുമ്പോൾതന്നെ ജെട്ടിയിലെത്താനാവുമ്പോൾ സ്റ്റാൻഡ് ബൈ ആയി നിൽക്കുന്ന മറ്റേ എൻജിനും പ്രൊപ്പല്ലറും പ്രവർത്തനക്ഷമമാകുമെന്നതാണ് മുഖ്യ സവിശേഷത. എന്നാൽ, ഒരു എൻജിനും പ്രൊപ്പല്ലറും മാത്രം പ്രവർത്തിപ്പിച്ച് സർവിസ് നടത്താൻ കഴിയില്ല. അത് അപകടത്തിന് കാരണമായേക്കാം.
കൊച്ചിയിൽനിന്ന് പ്രൊപ്പല്ലർ കൊണ്ടുവന്ന് ജങ്കാറിൽ ഘടിപ്പിച്ച് ട്രയൽ റൺ നടത്തിയതിനുശേഷമേ സർവിസ് പുനരാരംഭിക്കാൻ കഴിയൂവെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ശനിയാഴ്ചയെങ്കിലും സർവിസ് ആരംഭിക്കാനുള്ള തത്രപ്പാടിലാണ് അധികൃതർ.
ചാലിയാർ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ബേപ്പൂർ ജെട്ടിക്കരികിൽനിന്ന് മണ്ണും ചളിയും മാന്തിയെടുക്കാൻവേണ്ടി കഴിഞ്ഞ ദിവസം ജങ്കാർ സർവിസ് മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചത് ഒച്ചപ്പാടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.