കോഴിക്കോട്: കല്ലായിപ്പുഴയിൽ കല്ലുമ്മക്കായ എത്തി. കോവിഡിനും കടൽക്ഷോഭത്തിനുമിടയിൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് കടുക്കയുടെ വരവ് ആശ്വാസമായി.
സാധാരണ കടലിൽ പാറകൾക്ക് മുകളിൽ വളരുന്ന കടുക്ക ഏറെക്കാലത്തിനുശേഷം ആദ്യമാണ് കല്ലായിപ്പുഴയിൽ വലിയതോതിൽ കിട്ടിത്തുടങ്ങിയതെന്ന് കടുക്ക തൊഴിലാളിയായ എൻ.വി. അഷ്റഫ് പറഞ്ഞു.
ബേപ്പൂർ, പൊന്നാനി പുഴകളിൽ കടുക്ക കിട്ടാറുണ്ട്. കല്ലായിയിൽ ചളിയിലാണ് കടുക്ക കാണുന്നത്. പുഴയിൽ കിട്ടുന്നവ പാറയിൽ അല്ലാത്തതിനാൽ ചണ്ടി കൂടുതലുണ്ട്.
അധികം വലുപ്പവുമില്ല. പ്ലാസ്റ്റിക് കൊട്ട നിറയെ വാരിയാൽ 600 രൂപ വരെയേ തൊഴിലാളികൾക്ക് വില കിട്ടുന്നുള്ളൂ. എങ്കിലും ലോക്ഡൗണിലും കടൽക്ഷോഭത്തിലും പണിയില്ലാത്ത കാലത്ത് അതും ആശ്വാസമാണ്.
മീൻ ലഭ്യത കുറഞ്ഞ കാലമായതിനാൽ ചില്ലറ കച്ചവടക്കാരിൽനിന്ന് കടുക്ക വാങ്ങാൻ ആവശ്യക്കാരേറെയുണ്ട്.
സാധാരണ മൺസൂൺ ആരംഭം വരെയാണ് കടലിൽ കടുക്ക സീസൺ. വെള്ളയിൽ മുതൽ മാറാട് വരെയും ചാലിയം, എലത്തൂർ, വടകര, തിക്കോടി എന്നിവിടങ്ങളിലുമാണ് ജില്ലയിൽ കടലിൽ കടുക്ക നന്നായി ലഭിക്കുന്ന ഭാഗങ്ങൾ.
കടലിലും അഴിമുഖത്തും വേനൽക്കാലത്ത് എരുന്ത് കിട്ടാറുണ്ടെങ്കിലും ഇത്തവണ കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.