കോഴിക്കോട്: തടമ്പാട്ടുതാഴത്തെ സ്കൈവാച്ച് ഫ്ലാറ്റ് വഞ്ചന കേസിൽ ഒളിമ്പ്യൻ പി.ടി. ഉഷക്കെതിരെ കൂടുതൽ ആരോപണവുമായി സുഹൃത്തും മുൻ അത്ലറ്റുമായ ജെമ്മ ജോസഫ്. 'എെൻറ പേര് എവിടെയെങ്കിലും പറഞ്ഞാൽ കാണിച്ചുതരാം' എന്നായിരുന്നു ഭീഷണിയെന്ന് ഉഷയടക്കം ഏഴുപേർക്കെതിരായ കേസിലെ പരാതിക്കാരിയായ ജെമ്മ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. കാലിക്കറ്റ് പ്രസ്ക്ലബിൽ വാർത്ത സമ്മേളനം നടത്തുമെന്ന് പറഞ്ഞപ്പോഴായിരുന്നു ഒക്ടോബർ ഒന്നിന് ഭീഷണിപ്പെടുത്തിയത്.
അടുത്ത കൂട്ടുകാരിയായതിനാൽ ഉഷയുടെ വാക്ക് വിശ്വസിച്ചെന്നും ജെമ്മ ജോസഫ് പറഞ്ഞു. 2019 മുതൽ നിരന്തരം ഫ്ലാറ്റ് വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു. ഫ്ലാറ്റിെൻറ നിർമാതാക്കളായ മെല്ലോ ഫൗണ്ടേഷൻസ് ബിൽഡേഴ്സ് എം.ഡി ആർ. മുരളീധരൻ നെയ്വേലിയിലെ തെൻറ വീട്ടിൽ വന്ന് 46 ലക്ഷം രൂപയുടെ ചെക്ക് വാങ്ങുകയായിരുന്നു. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലെ പേഴ്സനൽ ഓഫിസറായ താൻ ആകെ സമ്പാദ്യമായ പ്രൊവിഡന്റ് ഫണ്ടിൽനിന്ന് തുകയെടുത്താണ് നൽകിയത്. വാഗ്ദാനം ചെയ്തതുപോലെ ഫ്ലാറ്റ് കൈമാറാതിരുന്നപ്പോൾ ഉഷയെ ബന്ധപ്പെട്ടു. ഒടുവിൽ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ജെമ്മ പറഞ്ഞു.
മെല്ലോ ഫൗണ്ടേഷൻ എം.ഡി ആർ. മുരളീധരൻ, ഡയറക്ടർമാരായ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, ഡോ. വിനയചന്ദ്രൻ തുടങ്ങിയവർക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികൾ വൈകുകയാണെന്നും ജെമ്മ ജോസഫ് ആരോപിച്ചു. പൊലീസ് തെന്റ മൊഴിയെടുത്തെങ്കിലും പറഞ്ഞതൊന്നും എഴുതാൻ കൂട്ടാക്കിയിട്ടില്ല. ഫ്ലാറ്റ് തട്ടിപ്പിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്വേഷണം ശരിയായ നിലയിലല്ലെങ്കിൽ മുഖ്യമന്ത്രി, ഡി.ജി.പി, കായികമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.