മാവൂർ തെങ്ങിലക്കടവിൽ വെള്ളം പൊങ്ങിയതോടെ വീടുകളിൽനിന്ന് ആളുകളെ മാറ്റുന്നു  

പ്രളയ ഭീഷണി: കോഴിക്കോട് രണ്ട് ക്യാമ്പുകൾ തുറന്നു

കോഴിക്കോട്​: ജില്ലയിൽ കാലവർഷം ശക്​തിപ്രാപിച്ചതോടെ ഗ്രാമങ്ങളിൽ പ്രളയ ഭീഷണി. കനത്തമഴയെ തുടർന്ന്​ പുഴകൾ കവി​ഞ്ഞൊഴുകിത്തുടങ്ങി. തീരദേശമേഖലകളിൽ കടലാക്രമണവും രൂക്ഷമാണ്​.ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. കൊടിയത്തൂരിൽ പത്തിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ചെറുപുഴ കവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്​. മാവൂർ മേഖലയിൽ വെള്ളപ്പൊക്കം തുടങ്ങി.

പൂനൂർ പുഴയിൽ നേരിയ തോതിൽ വെള്ളം കയറുന്നുണ്ട്. പൂളക്കടവ്,​ പറമ്പിൽ കടവ്, കണ്ണാടിക്കൽ, കക്കോടി പഞ്ചായത്തിലെ കിരാലൂർ, മോരിക്കര ഭാഗങ്ങളിലെ പുഴയോരവാസികൾ ജാഗ്രതയിലാണ്​. ചാലിയാറും കൈവഴികളും നിറഞ്ഞൊഴുകുന്നതിനാൽ ഫറോക്ക്, ബേപ്പൂർ, ചാലിയം മേഖലകളിലും പ്രളയഭീഷണിയിലാണ്​. സമീപ മേഖലകളിലേക്കും വെള്ളമെത്തുന്നുണ്ട്. വെള്ളം കയറുന്ന വീടുകളിലുള്ളവരെ മാറ്റിപാർപ്പിക്കാൻ ക്യാമ്പുകൾ ഒരുങ്ങി. ചാലിയം കടുക്ക ബസാർ മുതൽ വാക്കടവ് വരെ കടൽക്ഷോഭം രൂക്ഷമാണ്​.

മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ജി.എം. യു.പി സ്‌കൂളിൽ ഒരു കുടുംബത്തെയും (3 സ്ത്രീകൾ 2 പുരുഷൻ) കച്ചേരിക്കുന്ന് അംഗൻവാടിയിൽ ഒരു കുടുംബത്തെയുമാണ് ( 3 സ്തീകൾ 4 പുരുഷന്മാർ ) മാറ്റി താമസിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി.

കൊടിയത്തൂർ വില്ലേജിൽ മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് നിന്നും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൺട്രോൾ റൂം ആരംഭിച്ചു. ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ പ്രവർത്തിക്കാൻ സജ്ജമാണെന്ന് കൊയിലാണ്ടി തഹസിൽദാർ കെ. ഗോകുൽ ദാസ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൺട്രോൾ റൂം സജ്ജമാക്കി .

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാനാവശ്യമായ നടപടികൾ വടകര താലൂക്കിൽ പുരോഗമിക്കുകയാണ്.

കാലവർഷക്കെടുതിയിൽ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് ആളുകളെ മാറിത്താമസിപ്പിക്കാൻ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും സജ്ജമായിക്കഴിഞ്ഞു. തഹസിൽദാർ അഞ്ച്​ ഡെപ്യൂട്ടി തഹസിൽദാർമാർ ക്ലർക്കുമാരുടെയും നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് വടകര താലൂക്കിൽ നടത്തുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.

ചുരം റോഡിൽ മരങ്ങൾ വീണും മറ്റും അടിക്കടിയുണ്ടാകുന്ന ഗതാഗതതടസ്സം പരിഹരിക്കുന്നതിനും ഫയർഫോഴ്സ് യൂനിറ്റ് താമരശേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്​. നിലവിലെ സാഹചര്യവും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കലക്ടർ കെ.ഹിമയുടെ അധ്യക്ഷതയിൽ 20 വില്ലേജ് ഓഫിസർമാരുടെയും ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർമാരുടെയും ഓൺലൈൻയോഗം ചേർന്നു. 

ഒരാഴ്​ചയിലെ മഴ പതിവിലുമേറെ

കോഴിക്കോട്: ബുധനാഴ്​ച അവസാനിച്ച ആഴ്ചയിൽ ജില്ലയിൽ പെയ്തത് പതിവിലും 67 ശതമാനം കൂടുതൽ മഴ. റെഡ് അലർട്ട് പ്രഖ്യാപിച്ച വ്യാഴാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ പെയ്​തത് കക്കയം ഡാം ഭാഗത്താണ്. ആറ് സെ.മീയാണ് ഇവിടെയുള്ള മഴയുടെ അളവ്. വടകരയിൽ 2.2 ഉം കൊയിലാണ്ടിയിൽ രണ്ട് സെൻറിമീറ്ററും കോഴിക്കോട് 1.3 സെ.മീ യും മാത്രമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്ക്. കഴിഞ്ഞ ഒരാഴ്ച്ച 16.08 സെ.മീ യായിരുന്നു ജില്ലയിൽ സാധാരണയായി ലഭിക്കേണ്ടിയിരുന്നത്.

എന്നാൽ, 26.9 സെ.മീ മഴ പെയ്തു. 67 ശതമാനമാണ് പതിവിലും കൂടിയത്. ഈ മൺസൂൺ സീസണിൽ 208 സെൻറിമീറ്റർ പെയ്​തു. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അധിക മഴ പെയ്തത് കോഴിക്കോട്ടാണ്. പത്ത് ശതമാനമാണ് അധികം. മറ്റ് ജില്ലകളിലെല്ലാം ആവശ്യമായ അളവിൽ മഴ കിട്ടിയിട്ടില്ല. റെഡ് അലർട്ടായിരുന്നെങ്കിലും അതിശക്തമായ മഴ ജില്ലയിൽ വ്യാഴാഴ്ച്ച പെയ്തില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

ചാലിയാറടക്കം കരകവിഞ്ഞത് ജില്ലയിലെ മഴ കാരണമല്ല. ഞായറാഴ്​ച കോഴിക്കോട്ടെ തീരമേഖലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ചില വിദേശ കാലാവസ്ഥ പ്രവചന വെബ്സൈറ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags:    
News Summary - Flood Alert Kozhikode Disaster Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.