കോഴിക്കോട്: മിഠായിത്തെരുവ് കേന്ദ്രീകരിച്ച് അനുവദിച്ച സാറ്റലൈറ്റ് ഫയർ ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ സ്ഥലം ആവശ്യപ്പെട്ട് അഗ്നിരക്ഷാസേന ജില്ല ഭരണകൂടത്തിന് കത്തുനൽകി. വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന മിഠായിത്തെരുവിന്റെയും പരിസര പ്രദേശങ്ങളുടെ സുരക്ഷ മുൻനിർത്തി ഫയർ ഔട്ട്പോസ്റ്റിന് ഉടൻ ഭൂമി അനുവദിക്കണമെന്നാണ് ജില്ല ഫയർ ഓഫിസർ കെ.എം. അഷ്റഫ് അലി ജില്ല കലക്ടർ എ. ഗീതക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
കത്തിന്റെ പകർപ്പ് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്, സെക്രട്ടറി കെ.യു. ബിനി എന്നിവർക്കും നൽകിയിട്ടുണ്ട്. മിഠായിത്തെരുവ് കേന്ദ്രീകരിച്ച് ഫയർ ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നപക്ഷം പാളയം, മൊയ്തീൻ പള്ളി റോഡ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, വലിയങ്ങാടി, മാനാഞ്ചിറ, ജി.എച്ച് റോഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പുതിയറ പ്രദേശങ്ങളിലുണ്ടായേക്കാവുന്ന തീപിടിത്തങ്ങളിലും മറ്റ് ദുരന്ത സാഹചര്യങ്ങളിലും നിമിഷങ്ങൾക്കകം എത്തി രക്ഷാദൗത്യം സാധ്യമാക്കാനാവുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മിഠായിത്തരുവിൽ തീപിടിത്തമുണ്ടായി വ്യാപാര സ്ഥാപനങ്ങൾ കത്തിച്ചാമ്പലായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുന്നത് തുടർക്കഥയായതോടെയാണ് വർഷങ്ങൾക്കുമുമ്പ് സർക്കാർ ഇവിടം കേന്ദ്രീകരിച്ച് സാറ്റലൈറ്റ് ഫയർ ഔട്ട്പോസ്റ്റ് അനുവദിച്ചത്. ഇവിടേക്ക് ജീവനക്കാരെയും നിയോഗിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നത് നീളുകയായിരുന്നു. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരമടക്കം പരിഗണിച്ചെങ്കിലും സ്ഥലം ലഭ്യമായില്ല. ഇതോടെ സാറ്റലൈറ്റ് ഔട്ട്പോസ്റ്റിലേക്ക് അനുവദിച്ച ജീവനക്കാർ ബീച്ച് സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.
അതിനിടെ ബീച്ച് സ്റ്റേഷന്റെ കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഇവിടെ ഒരു യൂനിറ്റിനെ മാത്രം നിലനിർത്തി മറ്റുള്ളവയെ കൊയിലാണ്ടി, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. ചുരുക്കത്തിൽ നഗര സുരക്ഷതന്നെ ആശങ്കയിലായ സാഹചര്യത്തിലാണ് സാറ്റലൈറ്റ് ഫയർ ഔട്ട്പോസ്റ്റിന് സ്ഥലം ലഭ്യമാക്കാൻ ആവശ്യമുയർന്നത്.
നഗര സുരക്ഷ മുൻനിർത്തി ബീച്ച് സ്റ്റേഷനിലെ മുഴുവൻ യൂനിറ്റുകളെയും നഗരത്തിലെവിടെയെങ്കിലും താൽക്കാലിക സൗകര്യമൊരുക്കി നിലനിർത്തണമെന്ന ആവശ്യം ജില്ല ഭരണകൂടത്തിനും നഗരസഭക്കും ഇതുവരെ യാഥാർഥ്യമാക്കാനായിട്ടില്ല. ബീച്ച് ഫയർ സ്റ്റേഷൻ സൗത്ത് നിയോജക മണ്ഡലത്തിലാണ്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിലും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസും നഗരസുരക്ഷ മുൻനിർത്തിയുള്ള പ്രശ്നത്തിൽ പുറംതിരിഞ്ഞുനിൽക്കുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.