കോഴിക്കോട്: ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത ആവിക്കൽതോടിൽ ജനജീവിതം ദുസ്സഹമാക്കി മാലിന്യക്കൂമ്പാരം. തീരദേശപാതയിൽ റെഗുലേറ്ററിന് സമീപമാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി മാലിന്യം കെട്ടിക്കിടക്കുന്നത്. ഒഴുക്കുനിലച്ച് മാലിന്യം അടിഞ്ഞുകൂടിയ തോട് വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ദുർഗന്ധം വമിച്ച് വഴിയാത്രക്കാർക്ക് നടന്നുപോകാൻപോലും കഴിയാത്തയിടമായി മാറിയിരിക്കുകയാണ് നഗരഹൃദയത്തിലുള്ള ഈ പ്രദേശം. കോർപറേഷൻ അധികൃതർ മാലിന്യം നീക്കാത്തതിനാലാണ് ആവിക്കൽതോട് മാലിന്യത്തോടായി മാറിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ശുചിമുറി പ്ലാന്റിനെതിരെ സമരംചെയ്തതുമൂലം കോർപറേഷൻ തങ്ങളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യം അടിഞ്ഞുകൂടിയാണ് ആവിക്കൽതോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, ചാക്കുകൾ, തുണി, റബർ എന്നിവയെല്ലാം അടിഞ്ഞുകൂടി കിടക്കുകയാണ് ഇവിടെ. കറുത്ത നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. കൊതുകിന്റെയും എലിയുടെയും ശല്യവും സഹിക്കാൻ കഴിയാത്ത രീതിയിലാണ്. ഇതുമൂലം പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോയെന്ന ഭീതിയുമുണ്ട് പ്രദേശവാസികൾക്ക്. കഴിഞ്ഞ തവണ ഈ പ്രദേശത്ത് എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നിരുന്നു. ഇതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. മാത്രമല്ല, മഴ പെയ്യുമ്പോൾ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലാകുമെന്നും ആശങ്കയുണ്ട്.
ഏകദേശം നാലു മീറ്ററോളം വീതിയാണ് തോടിനുണ്ടായിരുന്നതെങ്കിലും തോടിലൂടെ വരുന്ന വെള്ളം മുഴുവൻ കടലിലേക്കൊഴുകിപ്പോകുമായിരുന്നു. ശുചിമുറി പ്ലാന്റ് സ്ഥാപിക്കാനായി കോർപറേഷൻ അധികൃതർ പ്രദേശത്ത് മണ്ണ് കോരിയെടുത്തതിനാൽ തോടിന്റെ ഈ ഭാഗത്ത് ഒരു കുളം പോലെ രൂപപ്പെടുകയും അത് ഒഴുക്കിനെ തടസ്സപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തോട്ടിൽ മാത്രമല്ല, വാർഡിന്റെ എല്ലാ ഭാഗങ്ങളിലും മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് നീക്കുന്നതിലും കോർപറേഷന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ട്.
സമരം ചെയ്തതിനാൽ എല്ലായ്പോഴും വാർഡിനോട് അവഗണന മാത്രമാണ് കോർപറേഷൻ കാണിക്കുന്നതെന്ന് വാർഡ് കൗൺസിലർ സൗഫിയ അനീഷ് ആരോപിച്ചു. ഒരു വർഷത്തിലേറെയായി ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ ശക്തമായ സമരമാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. തീരദേശ ഹർത്താലടക്കം നിരവധി സമരപരിപാടികളാണ് സമരസമിതി സംഘടിപ്പിച്ചത്. പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി തുടരുമെന്ന് ആവിക്കൽതോട് സമരസമിതി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.