കോഴിക്കോട്: നഗരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. രാത്രികാല നൈറ്റ് സ്ക്വാഡ് പരിശോധന 10 മുതൽ രാവിലെ ആറുവരെ നടത്തും. പൊലീസ് സ്റ്റേഷനിൽ അറിവ് കൊടുക്കാനും മാലിന്യം തള്ളാൻ സാധ്യതയുള്ളിടത്തെല്ലാം കാമറകൾ സ്ഥാപിക്കാനും നടപടിയെടുക്കും. എം.എൻ. പ്രവീണാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കോട്ടൂളി തണ്ണീർത്തടം മേഖലയിൽ ദിവസേനയെന്നോണം മാലിന്യം തള്ളുന്നതായി അദ്ദേഹം പറഞ്ഞു.
മാലിന്യം വലിയ വിലകൊടുത്ത് സംഭരിച്ച് നഗരത്തിൽ ഒഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്ന മാഫിയ തന്നെ പ്രവർത്തിക്കുന്നതായി വിവിധ കൗൺസിലർമാർ പറഞ്ഞു. പിടികൂടാൻ റസിഡന്റ്സ് അസോസിയേഷനുകളും മറ്റും ഊഴമിട്ട് കാവൽ നിൽക്കുന്നു. പലപ്പോഴും തടയാനെത്തുന്നവരെ മാരകായുധങ്ങളുമായി ആക്രമിക്കാൻവരെ തുനിയുന്നു. കോർപറേഷൻ നടപടികൾക്കൊപ്പം പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പിഴ ശക്തമാക്കി മാലിന്യവുമായെത്തുന്ന വണ്ടികളെ വരുതിയിലാക്കാൻ നടപടിവേണമെന്നും സി.എം. ജംഷീർ, എം.സി. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു. മലിനജലം തള്ളുന്നത് തടയാൻ ശാശ്വത പരിഹാരം മലിന ജല സംസ്കരണ പ്ലാന്റാണെന്ന് പി.കെ. നാസർ പറഞ്ഞു. കെ.സി. ശോഭിത, ഒ. സദാശിവൻ, ഡോ. കെ. അജിത, എൻ. ശിവപ്രസാദ് തുടങ്ങി വിവിധ കൗൺസിലർമാർ വാർഡുകളിൽ മാലിന്യം തള്ളിയതിന്റെ വിവരങ്ങൾ പങ്കുവെച്ചു.
ബീച്ച് ഫയർ സ്റ്റേഷൻ നിർമാണം പൂർത്തിയാവുന്നതുവരെ താൽക്കാലിക സ്റ്റേഷൻ നഗര ഹൃദയത്തിൽത്തന്നെ നിലനിർത്താൻ കോർപറേഷൻ നടപടിയെടുക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും പറഞ്ഞു. എസ്.കെ. അബൂബക്കറാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. കോറണേഷൻ തിയറ്ററിനടുത്ത് ആരോഗ്യ വകുപ്പിന്റെ 40ഉം 50ഉം സെന്റ് സ്ഥലമുണ്ടെന്നും കോട്ടപ്പറമ്പ് ആശുപത്രിക്കടുത്ത് 50 സെന്റ് സ്ഥലം വേറെയുണ്ടെന്നും ഇവിടേക്കൊക്കെ ഫയർ സ്റ്റേഷൻ തൽക്കാലത്തേക്ക് മാറ്റാനാവുമെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു. വെള്ളയിൽ ഹാർബറിനടുത്ത് ഫിഷറീസ് വകുപ്പ് സ്ഥലവും പരിഗണനയിലുണ്ടെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റിനായി 39 കോടിയുടെയും കോതിയിലെ പ്ലാന്റിനായി 31 കോടിയുടെയും പുതുക്കിയ എസ്റ്റിമേറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫിന്റെ വിയോജനക്കുറിപ്പോടെ വോട്ടിനിട്ടാണ് തീരുമാനം അംഗീകരിച്ചത്. ജനങ്ങൾ എതിർക്കുന്നതിനാൽ ബലം പ്രയോഗിച്ച് പദ്ധതി നടപ്പാക്കാനാവില്ലെന്ന് എസ്.കെ. അബൂബക്കർ, കെ.മൊയ്തീൻ കോയ, കെ.സി. ശോഭിത എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ, കാര്യങ്ങൾ ചർച്ചചെയ്യാൻ പോലും മെനക്കെടാതെ നേരത്തേ തയാറാക്കി കൊണ്ടുവരുന്ന വിയോജനക്കുറിപ്പ് കൊടുത്തശേഷം വികസന പ്രവൃത്തികളിൽ സഹകരിക്കാമെന്ന് വാദിക്കുന്ന യു.ഡി.എഫിന്റെ നിലപാട് പരിഹാസ്യമാണെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി. നേരത്തേ എടുത്ത തീരുമാന പ്രകാരം തയാറാക്കിയ എസ്റ്റിമേറ്റ് കൗൺസിൽ അംഗീകരിച്ചതോടെ സർക്കാർ അനുമതിക്കായി സമർപ്പിക്കും.
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പണി പൂർത്തിയായ ടേക്ക് എ റെസ്റ്റ് വിശ്രമ കേന്ദ്രങ്ങൾ വെറുതെ കിടക്കുന്നതിൽ അടിയന്തര നടപടിയെടുക്കാൻ കൗൺസിൽ തീരുമാനം. അഞ്ച് സ്ഥലത്ത് പണി തീർന്നിട്ടും വൈദ്യുതി, കുടിവെള്ള കണക്ഷൻ കിട്ടാത്തതിനാൽ വെറുതെ കിടക്കുന്ന കാര്യം എൻ.സി. മോയിൻ കുട്ടിയാണ് ശ്രദ്ധയിൽപെടുത്തിയത്. സാങ്കേതിക പ്രശ്നമാണ് തടസ്സമെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.