മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുല്ലുവില; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിയമനമായില്ല

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഒരുമാസത്തിനകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ട് മാസം ഒന്നായിട്ടും നിയമനമായില്ല. തസ്തിക രൂപവത്കരണം സംബന്ധിച്ച് ആശുപത്രിക്ക് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെയും നിയമനം നടത്തുന്നതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസ് ആണ് നിയമനങ്ങൾ നടത്തേണ്ടതെന്നും തസ്തിക നിർണയത്തെ കുറിച്ച് സർക്കാറാണ് അറിയിക്കേണ്ടതെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ എത്ര ഒഴിവുകൾ ഉണ്ട്, പുതിയ തസ്തികകൾ എത്ര വേണം തുടങ്ങിയ കാര്യങ്ങളെല്ലാം ആശുപത്രിയിൽ നിന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ മാർച്ച് 14ന് ചേർന്ന യോഗത്തിലാണ് ഒഴിവുകളിലേക്ക് ഒരുമാസത്തിനകം നിയമനം നടത്തണമെന്ന് ആരോഗ്യ വകുപ്പിന് നിർദേശം നൽകിയത്. പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. ആകെ 29 ഒഴിവുകളുള്ളതിൽ ഏഴെണ്ണത്തിൽ ദിവസ വേതനക്കാർ ജോലി ചെയ്യുന്നു. ബാക്കി 22 എണ്ണത്തിലേക്കാണ് ആളുവേണ്ടത്.

മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകവും അന്തേവാസികൾ ചാടിപ്പോകുന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ നടന്നത് കേന്ദ്രത്തിന്‍റെ സുരക്ഷയെ പറ്റി ആശങ്ക ഉയർത്തിയിരുന്നു. എട്ട് വാച്ച്മാൻ തസ്തികകളാണ് കുതിരവട്ടം ആശുപത്രിയിൽ ഉള്ളത്. എന്നാൽ, നാലെണ്ണത്തിൽ മാത്രമെ ജീവനക്കാർ ഉള്ളൂ. ദിവസവേതനക്കാരാണ് ഈ നാല് തസ്തികകളിലും ജോലി ചെയ്യുന്നത്. ബാക്കി നാലെണ്ണവും ഒഴിഞ്ഞിരിക്കുകയാണ്.

ബാർബർ, സ്കാവഞ്ചർ എന്നിവർക്ക് ഓരോ തസ്തികകളുണ്ട്. ഇവയിൽ താൽകാലിക ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. പാചകക്കാർക്കായി മൂന്ന് ഒഴിവുകൾ, സർജന്‍റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഹോസ്പിറ്റൽ അറ്റൻഡന്‍റ് ഗ്രേഡ് ll, ഒക്കുപേഷണൽ തെറപ്പിസ്റ്റ്, വർക്ക് മിസ്ട്രസ്, ഇൻസ്ട്രക്ടർ, വീവിങ് മാസ്റ്റർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. നഴ്സിങ് അസിസ്റ്റന്‍റിന്‍റെ നാല് ഒഴിവുകളും ഹോസ്പിറ്റൽ അറ്റൻഡന്‍റ് ഗ്രേഡ് l നാല് ഒഴിവുകളും ആശുപത്രിയിലുണ്ട്.

കുതിരവട്ടം അന്തേവാസികളുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഒഴിവുകൾ കൂടുതലുള്ളത്. സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ മുതൽ ഒക്കുപേഷണൽ തെറപ്പിസ്റ്റ്, വർക്ക് മിസ്ട്രസ്, ഇൻസ്ട്രക്ടർ, വീവിങ് മാസ്റ്റർ തുടങ്ങിയ തസ്തികകളെല്ലാം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ളതാണ്. ഇതിലൊന്നും ആളില്ലാത്തതിനാൽ പുനരധിവാസ പദ്ധതികൾ നിലച്ച മട്ടാണ്. കോവിഡ് തുടങ്ങിയപ്പോൾ നിന്നുപോയ പുനരധിവാസ പ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങാനായിട്ടില്ല. അതേസമയം, നാല് താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും നഴ്സിങ് അസിസ്റ്റന്‍റ് ഉൾപ്പെടെ ഡി.എം.ഒ ഓഫിസിൽ നിന്ന് നിയമിക്കാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്താൻ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് കത്ത് കൈമാറിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. ഉമർ ഫാറൂഖ് പറഞ്ഞു.

മാസ്റ്റർ പ്ലാൻ വേഗത്തിലാക്കാൻ യോഗം ചേർന്നു

കോഴിക്കോട്: കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രം മാസ്റ്റർ പ്ലാൻ അവലോകനത്തിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ട്രസ്റ്റിന്‍റെ യോഗം ചേർന്നു. ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്തു. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനായി രൂപവത്കരിച്ചതാണ് ട്രസ്റ്റ്.

പുതിയ കെട്ടിടത്തിന്റെ വിശദ പദ്ധതിരേഖ ഉടന്‍ തയാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ച് കിട്ടുന്നതിനുള്ള നടപടി വേഗത്തിലാക്കും. സി.എസ്.ആര്‍ ഫണ്ട് കണ്ടെത്തുന്നതിന്‍റെ ഭാഗമായി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയില്‍നിന്നുള്ള മൂന്ന് മന്ത്രിമാരുടെ യോഗം ചേരും. പുനരധിവാസ കേന്ദ്രത്തിന് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ മുഖേന ഫണ്ട് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി ഒരാളെ നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, മുന്‍ എം.എല്‍.എമാരായ വി.കെ.സി. മമ്മദ്കോയ, എ. പ്രദീപ് കുമാര്‍, പി.ഡബ്ല്യുഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Government Mental Health Centre Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.