കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ബാലസഭയിലെ കുട്ടികളും.
ഒന്നാം വാർഡിലെ കുട്ടിക്കൂട്ടം, പത്താം വാർഡിലെ കുട്ടിപ്പട്ടാളം എന്നീ ബാലസഭകളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പത്താം വാർഡിലെ വീടുകൾ, റബർ തോട്ടം, ഒന്നാം വാർഡിലെ അംഗൻവാടി പരിസരം, പാതയോരങ്ങൾ, വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണം നടത്തിയത്.
പത്താം വാർഡിൽ 14 പേർ അംഗങ്ങളായ ബാലസഭ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് പ്രവർത്തനം നടത്തിയത്. മാത്രമല്ല, വീടുകളിലെത്തി ശുചീകരണത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധവത്കരിക്കുകയും മാലിന്യങ്ങൾ ഹരിതകർമസേനക്ക് നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. മാലിന്യ നിക്ഷേപ കേന്ദ്രമായ വാർഡിലെ റബർ തോട്ടത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് അവ ഹരിത കർമസേനക്ക് നൽകാനായി മാറ്റിവെക്കുകയും ചെയ്തു. ഒന്നാം വാർഡിൽ 19 അംഗ ബാലസഭാംഗങ്ങളും ബാലസഭ ആർ.പി. സിന്ദുവും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാർഡ് മെംബർമാരും വാർഡ് എ.ഡി.എസ് പ്രവർത്തകരും അവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.