കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിക്കേണ്ടിവന്ന ഹർഷിനക്ക് ഇത്തവണത്തെ ബലിപെരുന്നാൾ കുടുംബത്തിനും കുട്ടികൾക്കുമൊപ്പം വീട്ടിൽ ആഘോഷിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സത്യഗ്രഹ സമരം 30 ദിവസം പിന്നിട്ടതിന്റെ ഭാഗമായി സമരസമിതി നടത്തിയ അഗ്നിജ്വാല പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹർഷിന അഞ്ചു വർഷമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഡോക്ടർമാരുടെ ക്രൂരമായ അനാസ്ഥ കാരണമുള്ള ഇത്തരമൊരു ദുരവസ്ഥ ഒരു സ്ത്രീക്കും ഇനി ഉണ്ടാകരുത്.
സമരം എത്ര ദിവസം നീണ്ടാലും പിന്തിരിയില്ല. കേരള സമൂഹത്തിന്റെ പിന്തുണയാണ് സമരത്തിന്റെ പിൻബലം. മുഖ്യമന്ത്രി മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനു വരുമ്പോൾ സമരം ഇല്ലാതിരിക്കുന്നതിനുള്ള നാടകമായിരുന്നോ മന്ത്രി വീണ ജോർജ് മുമ്പ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഹർഷിനക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ഐ.എൻ.ടി.യു.സി ദേശീയ കമ്മിറ്റി അംഗം എം.കെ. ബീരാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കൺവീനർ മുസ്തഫ പാലാഴി, സമരസമിതി നേതാക്കളായ എം.ടി. സേതുമാധവൻ, എം.വി. അബ്ദുല്ലത്തീഫ്, പി.എം. ദിലീപ്കുമാർ, പി.കെ. സുഭാഷ് ചന്ദ്രൻ, ബാബു കുനിയിൽ, പി.ടി. സന്തോഷ് കുമാർ, സുബൈദ കക്കോടി, ഫൗസിയ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.