കോഴിക്കോട്: നടുവേദനയുണ്ട്, ഇരിക്കാനാവുന്നില്ല, മക്കൾ വീട്ടിലൊറ്റക്കാണ്...വിട്ടുമാറാത്ത ശാരീരികാസ്വസ്ഥതകളുമായി ഒരു യുവതി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നീതിതേടി സമരത്തിനിരിക്കുകയാണ്. ‘‘നീതി എവിടന്ന് കിട്ടുമെന്ന് അറിയില്ല. പക്ഷേ, നീതി കിട്ടാതെ ഈ തെരുവിൽനിന്ന് പോവുന്ന പ്രശ്നമില്ല’’-സമരത്തിന്റെ രണ്ടാം ദിനത്തിൽ മനോവേദനയോടെയും രോഷത്തോടെയും അടിവാരം സ്വദേശിനി ഹർഷിന പറയുന്നു.
ഡോക്ടർമാരുടെ കൈയബദ്ധംമൂലം അഞ്ചുവർഷം ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങി അനുഭവിച്ച വേദനയേക്കാൾ കടുത്തതാണ് ഹർഷിനയോട് സർക്കാർ കാണിക്കുന്ന ഈ അവഗണന. വീഴ്ച കണ്ടെത്തിയിട്ട് ആറുമാസമായി. ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകാൻ സർക്കാർ ദയ കാണിച്ചില്ല.
ആരോഗ്യമന്ത്രി വീണാജോർജിന് മുന്നിൽ പ്രയാസം നേരിട്ട് അവതരിപ്പിച്ചതാണ്. കൂടെയുണ്ടാവുമെന്ന വാഗ്ദാനമല്ലാതെ ഒന്നും നടന്നില്ല. യുവതി മെഡിക്കൽ കോളജ് പരിസരത്തെ റോഡരികിൽ സമരം തുടങ്ങിയിട്ട് 48 മണിക്കൂറിലധികമായി. പ്രശ്നപരിഹാരത്തിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരുനീക്കവുമില്ല. ഒടുവിൽ സിറ്റി പൊലീസ് മേധാവിക്ക് പരാതി കൊടുത്ത് കാത്തിരിക്കുകയാണ് ഹർഷിന.
അസാധാരണമായ സമരമാണ് കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ രണ്ട് ദിവസമായി നടക്കുന്നത്. അഞ്ചുവർഷം മുമ്പ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് ഇവർ സിസേറിയന് വിധേയയായത്. അതിനുശേഷം മറ്റെവിടെയും ശസ്ത്രക്രിയക്ക് വിധേയയായിട്ടില്ല.
കടുത്ത ശാരീരിക അസ്വസ്ഥതകൾക്ക് നിരന്തര ചികിത്സയിലായിരുന്നു. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങിക്കിടക്കുന്നതാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. തുടർന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി ഫോർസെപ്സ് (കത്രികക്ക് സമാനമായ ശസ്ത്രക്രിയോപകരണം) കണ്ടെടുത്തു.
മൂന്ന് മക്കളുടെ മാതാവാണ് ഹർഷിന. ഡോക്ടർമാരുടെ വീഴ്ചയെ തുടർന്നുണ്ടായ രോഗവും ദുരിതവും കാരണം ഇവരുടെ ജീവിതം തന്നെ താളംതെറ്റി. ഒടുവിൽ ഗതികെട്ട് സമരത്തിനിറങ്ങിയിരിക്കുകയാണ്. അഡ്വ. പി. പൗരന്റെ നേതൃത്വത്തിൽ മനുഷ്യാവകാശപ്രവർത്തകർ സമരവേദിയിൽ ഹർഷിനയെ സന്ദർശിച്ചു. വിമൻസ് ജസ്റ്റിസ് ഫോറവും സി.എം.പി പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യവുമായെത്തി. എന്നാൽ, മുഖ്യധാര സംഘടനകളൊന്നും ഈ ഒറ്റയാൾസമരം കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.