വേനൽമഴയും കനാൽ ചോർച്ചയും; ആവളപാണ്ടിയിൽ നെൽകൃഷി നശിക്കുന്നു

പേരാമ്പ്ര: ശക്തമായ വേനൽമഴയും അമിതമായ കനാൽജല പ്രവാഹവുംമൂലം നെൽകൃഷി നശിക്കുന്നു. ആവളപാണ്ടിയിലെ മാടത്തൂർതാഴ ഭാഗത്തെ കൊയ്യാൻ പാകമായ 100 ഏക്കറോളം നെൽകൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. വിളഞ്ഞുനിൽക്കുന്ന നെൽപാടത്ത് വെള്ളം നിന്നാൽ കതിരുകൾ വെള്ളത്തിൽ വീണ് നശിക്കുമെന്ന് കർഷകർ പറയുന്നു. വയലിൽ വെള്ളം നിറഞ്ഞതിനാൽ യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കാനും കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കൊയ്താൽ കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാവുക.

പ്രധാന കനാലിലെ ചോർച്ചമൂലം വയലിലൂടെയാണ് ഇവിടേക്ക് കനാൽജലം അമിതമായി എത്തുന്നത്. കുറച്ച് സ്ഥലങ്ങളിൽ കനാൽ നികത്തി റോഡാക്കിയതും കനാൽവെള്ളം വയലിലൂടെ ഒഴുകാൻ കാരണമായി. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ ആവളപാണ്ടിയിൽ കുറ്റ്യോട്ട്നടക്കും കാരയിൽനടക്കും ഇടയിൽ കുറച്ച് സ്ഥലത്ത് മാത്രമാണ് നിലവിൽ നെൽകൃഷിയുള്ളത്.

അശാസ്ത്രീയമായ തോട് നിർമാണവും വയലിന് മധ്യത്തിലൂടെ ഗെയിൽ പൈപ്പ് ലൈൻ വന്നതുംമൂലം ആയിരക്കണക്കിന് ഏക്കർ നിലം കൃഷിചെയ്യാതെ തരിശിട്ടിരിക്കുകയാണ്. ബാങ്കിൽനിന്ന് വായ്പയെടുത്തും പലരിൽനിന്നും കടംവാങ്ങിയുമാണ് കർഷകർ കൃഷിചെയ്യുന്നത്. കനാൽ താൽക്കാലികമായെങ്കിലും അടച്ച് കർഷകർക്ക് നെല്ല് കൊയ്തെടുക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് മാടത്തൂർതാഴ പാടശേഖര സമിതി സെക്രട്ടറി അബ്ദുസ്സലാം കൊമ്മിണിയോട്ടുമ്മൽ ആവശ്യപ്പെട്ടു. 

തെങ്ങും പ്ലാവും വീണ് വീടുകൾക്ക് നാശം


ബാലുശ്ശേരി: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബാലുശ്ശേരി ഹൈസ്കൂളിനടുത്ത് ഒച്ചത്ത് ഷക്കീലയുടെ വീടിനുമുകളിൽ തെങ്ങ് മുറിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. മുണ്ടോളി വിശ്വനാഥന്റെ വീടിന് മുകളിൽ പ്ലാവ് വീണ് വീടിന്റെ സൺഷെയ്ഡ് തകർന്നു.

കാറ്റിൽ വ്യാപക നാശനഷ്ടം

ഉള്ള്യേരി: ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടവും കൃഷിനാശവും. മുണ്ടോത്ത്‌ മനാട് പെരൂളിക്കണ്ടി ഭാസ്കരന്റെ വീടിനുമുകളിൽ തെങ്ങു കടപുഴകി വീടിനു കേടുപാടുകൾ സംഭവിച്ചു. മുണ്ടോത്ത്‌ നീരിച്ചാലിൽ കോയയുടെ വീടിനു മുകളിൽ വീണ തെങ്ങ് കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷ സേനയാണ് മുറിച്ചുമാറ്റിയത്.

ആനവാതിൽ മൈക്കോട്ടേരി രാമൻകുട്ടിയുടെ വീടിനു മുകളിലും തെങ്ങുവീണു. കക്കഞ്ചേരി, ഇല്ലത്ത്‌താഴെ പ്രദേശങ്ങളിൽ നിരവധി വാഴകൾ കാറ്റിൽ നശിച്ചു. ആനവാതിൽ കുണ്ടിയോട്ടുപറമ്പത്ത് മീത്തൽ ശംസുവിന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും ഇടിമിന്നലിൽ കത്തിനശിച്ചു. മരം വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. ഞായറാഴ്ച പകലോടെയാണ് വിതരണം പുനഃസ്ഥാപിച്ചത്.

കാറ്റിൽ വാഴകൾ നശിച്ചു

പാലേരി: വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വാഴകൾ നിലംപൊത്തി. പാറക്കടവ് ജുമാമസ്ജിദിനു സമീപത്തെ പറമ്പിൽ ചെറിയകുമ്പളം നവറക്കോട്ട് ആനേരി മീത്തൽ നാണു പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നേന്ത്രവാഴകളാണ് നശിച്ചത്. 650 വാഴകളിൽ മിക്കവയും നശിച്ചതായി നാണു പറഞ്ഞു. ചങ്ങരോത്ത് കൃഷിഭവനിൽ പരാതി നൽകി.

കൊയിലാണ്ടിയിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങി

കൊയിലാണ്ടി: ശനിയാഴ്ച വൈകീട്ടുണ്ടായ മഴയിലും കാറ്റിലും നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത് മണിക്കൂറുകൾക്കു ശേഷം. വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കനത്ത നഷ്ടമാണ് സംഭവിച്ചത്. ഫലവൃക്ഷങ്ങൾ കടപുഴകിയും ചില്ലകൾ മുറിഞ്ഞു വീണുമാണ് നാശം. ഞായറാഴ്ച പകലാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്. മേഖലയിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

Tags:    
News Summary - heavy summer rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.