കോഴിക്കോട്: കേരളത്തിലെമ്പാടും ഹോർട്ടികോർപ്പിന്റെ മേൽനോട്ടത്തിൽ 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കും. ഫ്രാഞ്ചൈസി വ്യവസ്ഥയിൽ സ്റ്റോറുകൾ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് ഹോർട്ടികോർപ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഗുണനിലവാരമുള്ള ഭക്ഷ്യയോഗ്യമായ നാടൻ ഉൽപന്നങ്ങൾ സ്റ്റോറിൽ കിട്ടും. കർഷകരിൽനിന്ന് അവരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോർട്ടികോർപ് ഫാം ക്ലബുകൾ രൂപവത്കരിച്ച് അതുവഴിയാണ് സാധനം ശേഖരിക്കുക. ഓണത്തിന് മുമ്പായി 250 സ്റ്റോറുകൾ തുടങ്ങും. അതിൽ 20 എണ്ണം കോഴിക്കോട് ജില്ലയിലാവും. കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങൾ സ്റ്റോറിൽ ലഭിക്കും. കർഷകരിൽനിന്ന് പച്ചക്കറികളും പഴങ്ങളും മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയ്ക്ക് സംഭരിച്ച് ന്യായവിലയ്ക്ക് ഹോർട്ടിസ്റ്റോറുകളിലൂടെ ലഭ്യമാക്കും. മൂന്നാറിൽനിന്നുള്ള ശീതകാല പച്ചക്കറികൾ, മറയൂർ ശർക്കര, ഹോർട്ടിസ്റ്റാറിന്റെ അഗ്മാർക്ക് അംഗീകാരമുള്ള തേൻ, കേരളത്തിനകത്തും പുറത്തും സംഭരിക്കുന്ന പഴങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു.
കൃഷിവകുപ്പ് പൊതുമേഖല സ്ഥാപനങ്ങളിലൂടെ ഉൽപാദിപ്പിക്കുന്ന കുട്ടനാട് അരി, വെച്ചൂർ അരി, കൊടുമൺ അരി, കാർഷിക സർവകലാശാല നിയന്ത്രണത്തിൽ ഉൽപാദിപ്പിക്കുന്ന കൈപ്പാട് അരി, സംസ്ഥാന നാളികേര വികസന കോർപറേഷന്റെ കേരജം വെളിച്ചെണ്ണ, കേരഫെഡിന്റെ കേര വെളിച്ചെണ്ണ തുടങ്ങിയവയെല്ലാമുണ്ടാവും. വ്യക്തികൾക്ക് 25,000 രൂപയും കാർഷിക കമ്പനികൾക്ക് 15,000 രൂപയും ഡെപോസിറ്റ് നൽകിയാണ് ഫ്രാെഞ്ചെസി നൽകുക. വിവരങ്ങൾക്ക്: 0471 2359651.
ഹോർട്ടികോർപ് പഴം, പച്ചക്കറി എന്നിവ ശേഖരിച്ചയിനത്തിൽ കർഷകർക്ക് 12 കോടി നൽകാനുണ്ടെന്ന് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ അറിയിച്ചു. രണ്ടു മാസത്തെ കുടിശ്ശികയാണിത്. 2022 ഡിസംബർ വരെയുള്ള തുക കൊടുത്തുകഴിഞ്ഞു.
ഹോർട്ടികോർപ് വഴി വിതരണംചെയ്യുന്ന പച്ചക്കറിക്ക് വലിയ വിലക്കുറവുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
കൊത്തവര -39 രൂപ, വഴുതന- 44, വെണ്ട -43 , പാവക്ക -69, പയർ -56 , മത്തൻ -28, ചെറിയ മുളക് -73, പടവലം -32, കാരറ്റ് -75, ബീൻസ് -79, വെള്ളരി -19, തക്കാളി -38, കാബേജ് -24, ചെറിയ നാരങ്ങ -59, മുരിങ്ങക്ക -59, ബീറ്റ് റൂട്ട് -56, സവാള -22.00, ചെറിയുള്ളി -78.00, ഉരുളക്കിഴങ്ങ് -26.00, മല്ലിയില -145, കറിവേപ്പില -48, ഏത്തക്കായ -48, കോവക്ക -57, സലാഡ് വെള്ളരി -27, ചേന -65, വെളുത്തുള്ളി -118, ഇഞ്ചി -165, ചുരക്ക -35.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.