കോഴിക്കോട്: ഹോട്ടലുകളിൽ ഹോം ഡെലിവറി, പാർസൽ സൗകര്യങ്ങൾ മാത്രം അനുവദിച്ചതിനെതിരെ നിരാഹാര സമരവുമായി ഹോട്ടലുടമ.
മെഡിക്കൽ കോളജ് തൃപ്തി ഹോട്ടൽ ഉടമ അശോകനാണ് കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ഈ ആവശ്യം അനുവദിക്കും വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നിരാഹാരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അശോകൻ ഹോട്ടലിൽനിന്ന് സൗജന്യമായി ഭക്ഷണവും നൽകുന്നുണ്ട്. ഹോട്ടലിന് മുന്നിൽ ത െൻറ ജീപ്പ് നിർത്തിയിട്ട് , ആവശ്യമുള്ളവർക്ക് ജീപ്പിലിരുന്ന് ഭക്ഷണം കഴിക്കാനും അദ്ദേഹം സൗകര്യം നൽകുന്നുണ്ട്. ഹോട്ടൽ ഭക്ഷണം ഹോം ഡെലിവറി ചെയ്യാൻ മാത്രം അനുമതി നൽകുന്നത് വൻകിട ഹോട്ടലുകാർക്ക് മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് അശോകൻ പറഞ്ഞു. മെഡിക്കൽ കോളജ് പോലുള്ള സ്ഥലത്ത് വരുന്നവർക്ക് പാർസൽ ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള സൗകര്യമില്ല.
ദിവസങ്ങൾക്കുമുമ്പ് മെഡിക്കൽ കോളജിൽ എത്തിയ ഗർഭിണിയായ സ്ത്രീക്കും മാതാവിനും തന്റെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയിരുന്നു. അതിനെ തുടർന്ന് ആളുകൾ ഭക്ഷണം കഴിക്കാൻ വരുകയും ചെയ്തു.
പിന്നാലെ, ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകന്നുണ്ടെന്ന പരാതിയുണ്ടെന്ന് ആരോഗ്യവകുപ്പിൽനിന്ന് അറിയിപ്പ് വന്നു. അതോടെ വിൽപന നിർത്തി സൗജന്യമായി ഭക്ഷണം നൽകി. സൗജന്യമാണെങ്കിലും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. തുടർന്നാണ് സൗജന്യ ഭക്ഷണം പാർസലായി നൽകാൻ തുടങ്ങിയതെന്ന് അശോകൻ പറഞ്ഞു.
30 വർഷത്തോളമായി മെഡിക്കൽ കോളജ് പരിസരത്ത് ഹോട്ടൽ നടത്തുകയാണ് അശോകൻ. ചെറിയ തുകക്ക് ഭക്ഷണം നൽകുന്നതിനൊപ്പം മെഡിക്കൽ കോളജിലെ രോഗികൾക്കായി സൗജന്യ കഞ്ഞി വിതരണമുൾപ്പെടെ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.