കോഴിക്കോട്: ഒ.പി ടിക്കറ്റ് നൽകുന്നതിലെ അപാകതയിൽ വലയുകയാണ് ഗവ. ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികൾ. ചൊവ്വാഴ്ച ഒ.പി ടിക്കറ്റെടുക്കാൻ കാത്തുനിന്നവരുടെ നിര പ്രവേശന കവാടവും കടന്ന് പ്രധാന റോഡ് വരെ നീണ്ടു.
ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. വെറും രണ്ട് ജീവനക്കാരെ വെച്ചുകൊണ്ടാണ് കൗണ്ടർ സംവിധാനം മുന്നോട്ടുപോവുന്നത്. ഇവർക്കുതന്നെ ജോലിയിൽ വേഗത കുറവാണെന്ന വ്യാപക പരാതിയുമുണ്ട്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഒ.പി ടിക്കറ്റ് വിതരണം ഉച്ച 12ഓടെയാണ് അവസാനിക്കുക. പലരും രാവിലെ ഏഴോടെതന്നെ ആശുപത്രിയിലെത്തുന്നുണ്ട്. മണിക്കൂറുകളോളം പൊരിവെയിലത്താണ് രോഗികൾ വരിനിൽക്കുന്നത്. 12ന് ടിക്കറ്റ് വിതരണം അവസാനിക്കുന്നതോടെ പലർക്കും മടങ്ങിപ്പോവേണ്ടിയും വരുന്നു.
മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും വരിയിൽ നിൽക്കാതെ ടിക്കറ്റ് വാങ്ങാം. എന്നാൽ, ഇതിന് പ്രത്യേക വരിയോ കൗണ്ടറോ ഇല്ലെന്നത് പോരായ്മയാണ്. വരിനിന്ന് ക്ഷീണിക്കുന്നവർക്കിടയിലൂടെയാണ് ഇവർക്കും ടിക്കറ്റ് നൽകുന്നത്. ഒ.പി സമയം കഴിയുന്നതിന് മുമ്പുതന്നെ കമ്പ്യൂട്ടറുകൾ തകരാറിലാവുന്നതും സ്ഥിരം കാഴ്ചയാണ്. ഒ.പി വിഭാഗങ്ങളും അവ ഏതെല്ലാം ദിവസങ്ങളിൽ ഉണ്ടാവുമെന്നുമുള്ള പട്ടിക ഒ.പി കൗണ്ടറിനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്.
പലരും വരിനിന്ന് തളർന്ന് കൗണ്ടറുകൾക്ക് മുന്നിൽ എത്തുമ്പോൾ മാത്രമാണ് തങ്ങൾക്കാവശ്യമുള്ള ഡോക്ടറുടെ ഒ.പി ഇല്ലെന്ന് മനസ്സിലാവുക. നിരവധിപേരാണ് ഇത്തരത്തിൽ മടങ്ങിപ്പോവുന്നത്. പ്രവേശനകവാടത്തിന് പുറത്ത് റോഡിലേക്ക് വരി നീണ്ടത് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്നു. വിഷയത്തിൽ രോഗികളും കൂടെയുള്ളവരും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ദിവസങ്ങളായി ഇവിടെ സമാന സ്ഥിതിയാണെന്നാണ് ഇവർ പറയുന്നത്. ജീവനക്കാർ മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.