കോഴിക്കോട്: മാസങ്ങളായി അടഞ്ഞു കിടന്ന ബീച്ചിൽ പ്രവേശനം തുടങ്ങി. ഞായറാഴ്ച രാവിലെ തന്നെ ബീച്ചിലേക്ക് കൂട്ടമായി ആളുകളെത്തി. ഉന്തുവണ്ടികളിലും കച്ചവടം ആരംഭിച്ചു.
അവധി ദിവസമായതിനാൽ വൈകുന്നേരമായതോടെ നല്ല തിരക്കായി. സൗത് ബീച്ചിലും രാവിലെ മുതൽ ഏറെ പേർ എത്തിയിരുന്നു. ബീച്ച് നോക്കി നടത്താൻ കരാർ നൽകി, നവീകരണം പൂർത്തിയായ ശേഷം ആദ്യമായാണ് കടപ്പുറം സന്ദർശകർക്കായി തുറന്നത്.
പരിപാലനത്തിന് പകരമായി ചെറിയ വ്യാപാര കേന്ദ്രങ്ങളും പരസ്യവും മറ്റും നൽകി പണം കണ്ടെത്താൻ ശ്രമിക്കുന്ന കരാറുകാർക്കും സന്ദർശകർ എത്തിയത് ആശ്വാസമായി.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രാത്രി എട്ട് വരെയാണ് പ്രവേശനം. തിരക്ക് അധികമുള്ള സമയങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ അല്ലെങ്കിൽ കയർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കണമെന്നാണ് ജില്ല കലക്ടറുടെ നിർദേശം. ഇതിനായി രാവിലെ മുതൽ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
ഈയിടെ നവീകരിച്ച സൗത് ബീച്ച് മുതൽ വടക്ക് ഓപൺ സ്േറ്റജിന് മുൻവശം വരെയുള്ള കടപ്പുറവും നടപ്പാതയുമടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷൻസ് എന്ന സ്വകാര്യ സംരംഭകർ സംരക്ഷിക്കുക. ഇതുവരെ കുടുംബശ്രീ പ്രവർത്തകരായിരുന്നു ബീച്ചിൽ ശുചീകരണം നടത്തിയിരുന്നത്. മൂന്ന് കൊല്ലത്തേക്കാണ് പുതിയ കരാർ.
പുൽത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും പുതിയ ലൈറ്റുകളും പൊട്ടിയ ടൈലുകളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനും പരിപാലിക്കാനുമാണ് കരാർ. 3.8 കോടി രൂപ ചെലവിൽ വികസനവും സൗന്ദര്യവത്കരണവും നടത്തിയ കോഴിക്കോട് തെക്കേ കടപ്പുറത്തെ കോർണിഷ് ബീച്ചിെൻറ 600 മീറ്ററോളം നീളത്തിൽ വർണചിത്രങ്ങൾ പൂർത്തിയാക്കിയെങ്കിലും ലോക് ഡൗണിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
ലൈറ്റ് പോളുകളിൽ പരസ്യം വെക്കാനുള്ള അവകാശം കരാറുകാർക്കാണ്. നാലിടത്ത് ഐസ്ക്രീം-പോപ്കോൺ കിയോസ്ക്കുകൾ സ്ഥാപിക്കും. പരസ്യങ്ങൾ െവക്കുന്നതിന് തുക ഡി.ടി.പി.സിക്ക് നിശ്ചിത കാലാവധിയിൽ അടക്കണം. വൈദ്യുതി ബില്ലടക്കം ലൈറ്റ് കത്തിക്കാനുള്ള ചെലവുകൾ വഹിക്കേണ്ടത് കരാറുകാരാണെന്നാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.