കൽപറ്റ: കോടതിയിലുള്ള കേസിെൻറ നടപടികൾ പൂർത്തിയാകുന്നതുവരെ കുടിശ്ശികയുള്ളയാളുടെ വീട്ടിലെത്തി തുക അടക്കണമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം ബാങ്കുദ്യോഗസ്ഥർക്ക് ഇല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കോടതി ഉത്തരവിനനുസൃതമായി വായ്പ റിക്കവറി നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മീനങ്ങാടി കനറാ ബാങ്ക് ശാഖ മാനേജർക്ക് ഉത്തരവ് നൽകി. മീനങ്ങാടി 54ാം മൈൽ സ്വദേശി കെ.വി. ജോയി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2018 ഒക്ടോബർ 31ന് കനറാ ബാങ്ക് മീനങ്ങാടി ശാഖ മാനേജറും രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി ബാങ്കിൽ പണമടക്കണമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭാര്യയുടെ അനുവാദമില്ലാതെ അവരുടെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.
തനിക്ക് കനറാ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ 2006ൽ കേന്ദ്ര കടാശ്വാസ നിയമപ്രകാരം എഴുതിത്തള്ളിയതാണെന്നും പരാതിക്കാരൻ അറിയിച്ചു.
പരാതിക്കാരെൻറ ലോൺ ഭാഗികമായി മാത്രമാണ് എഴുതിത്തള്ളിയതെന്നും ബാക്കി തുക ബാധ്യതയായുണ്ടെന്നും ബാങ്ക് മാനേജർ കമീഷനെ അറിയിച്ചു. ബാങ്കിെൻറ അദാലത്തിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരെൻറ വീട്ടിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്ന് പരാതിക്കാരൻ അറിയിക്കുകയായിരുന്നു. തനിക്ക് നോട്ടീസ് നൽകാതെ വീട്ടിൽ അതിക്രമിച്ചുകയറിയത് ശരിയല്ലെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.