കക്കോടി: പരിസ്ഥിതിക്ക് ആഘാതമേൽപിച്ച് കക്കോടിയിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നു. രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും വരുതിയിലാക്കിയാണ് കക്കോടി പഞ്ചായത്തിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നത്. കൂടത്തുംപൊയിൽ, ചിരട്ടാട്ട്താഴം ഭാഗങ്ങളിലെ കുന്നുകൾ അപ്രത്യക്ഷമാകുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ. മിക്ക രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളും ബിനാമികളുടെ വലയിലായതിനാൽ പാരിസ്ഥിതികാഘാതത്തെ ചോദ്യം ചെയ്യാനോ പ്രതിഷേധ സമരങ്ങൾ നടത്താനോ ആളുകളില്ലാതായെന്നാണ് ആക്ഷേപം.
അധികൃതർക്ക് കൈയയച്ചാണ് ഭൂമാഫിയ സഹായം നൽകുന്നത്. വില്ലേജ് അധികൃതരും പഞ്ചായത്ത് ഭരണസമിതിയും വൻ പാരിസ്ഥിതികാഘാതമേൽപിക്കുന്ന നടപടികൾക്ക് മുന്നിൽ നോക്കുകുത്തിയായെന്നാണ് ആക്ഷേപം.
വീടു നിർമാണത്തിന് വയൽ നികത്തലിനോ മണ്ണ് നീക്കാനോ മുതിരുന്ന സാധാരണക്കാരനെതിരെ നടപടിയും നിയമക്കുരുക്കും സൃഷ്ടിക്കുന്ന അധികൃതർ വമ്പൻ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് വഴിതുറക്കുകയാണ്. ചില രാഷ്ട്രീയ നേതാക്കളുടെ ഭൂമാഫിയകളുമായുള്ള അവിഹിതബന്ധം അണികളിലും അലോസരം സൃഷ്ടിച്ചിരിക്കുകയാണ്.
കുന്നുകൾ ഇടിച്ചുനിരത്തിയുള്ള വികസനം പഞ്ചായത്തിൽ അനുവദിക്കില്ലെന്ന നിലപാടിൽ ചില കൂട്ടായ്മകൾ രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് വിവിധ രാഷ്ട്രീയ പ്രവർത്തകർ. പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടക്കുന്നുണ്ടെന്നും മുകളിൽനിന്നുള്ള അനുമതി നേടിയാണ് പ്രവർത്തനം നടത്തുന്നതെന്നുമാണ് കക്കോടി വില്ലേജിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.