കോഴിക്കോട്: രാസലായനി കുടിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടർന്ന് വരക്കൽ ബീച്ചിലെ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ അസറ്റിക് ആസിഡ് ഉണ്ടെന്ന് പരിശോധന ഫലം. അഞ്ചു കടകളിൽനിന്നുള്ള സാമ്പിളുകളാണ് റീജനൽ അനലറ്റിക്കൽ ലാബിലേക്ക് ഭക്ഷ്യ സുരക്ഷ വിഭാഗം ചൊവ്വാഴ്ച പരിശോധനക്ക് അയച്ചത്.
ഇതിൽ രണ്ടു കടകളിൽ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകമാണ് ഗ്ലേഷ്യൽ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ, ഉപ്പിലിട്ട പഴങ്ങളുള്ള കുപ്പിയിൽനിന്ന് ശേഖരിച്ച മറ്റു മൂന്ന് സാമ്പിളുകളിൽ വിനാഗിരി ലായനി മാത്രമേയുള്ളൂവെന്നാണ് കണ്ടെത്തൽ. അസറ്റിക് ആസിഡ് െെകവശം വെക്കാൻ നിയമപരമായി കടക്കാർക്ക് അനുമതിയില്ലെന്നും രണ്ടു കച്ചവടക്കാർക്കുമെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അസി.കമീഷണർ കെ.കെ. അനിലൻ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കാസർകോട് നിന്ന് പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്ക് പൊള്ളലേറ്റത്. പെട്ടിക്കടയില്‍നിന്ന് കാരറ്റ് കഴിച്ച ശേഷം മുഹമ്മദിന് എരവ് തോന്നിയപ്പോൾ കടയിലുണ്ടായിരുന്ന കുപ്പിയില്‍ വെള്ളമാണെന്നു കരുതിയ ലായനി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. വായ് പൊള്ളിയപ്പോൾ മുഹമ്മദ് പുറത്തേക്ക് തുപ്പിയ ലായനി അടുത്തുണ്ടായിരുന്ന സുഹൃത്ത് സാബിദിെൻറ ദേഹത്തുമായി. മുഹമ്മദിന് വായ്ക്കുള്ളിലും സാബിദിന് തോളിലും പുറത്തുമായാണ് പൊള്ളലേറ്റത്.
രാസലായനി കുടിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടർന്ന് ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന കടകളിൽ പരിശോധന ശക്തമാക്കും. ഭക്ഷ്യ സുരക്ഷ വകുപ്പിെൻറയും കോർപറേഷൻ ആരോഗ്യ വിഭാഗത്തിെൻറയും നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. മാസത്തിൽ രണ്ടു തവണയോ എല്ലാ ആഴ്ചയുമോ രണ്ടു വകുപ്പുകളും സംയുക്തമായി പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിെൻറ ആദ്യഘട്ട പരിശോധന വ്യാഴാഴ്ച നടക്കും.
കോർപറേഷെൻറ െെലസൻസ് ഉള്ളവരും സർവേയിൽ ഉൾപ്പെട്ടവരുമായി, ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്ന നിരവധി കടകൾ ബീച്ചിലുണ്ട്. പരിശോധനകൾ മുടങ്ങാതെ നടത്താറുണ്ടെന്നാണ് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത്. എന്നാൽ, ഇൗ പരിശോധനകളിൽ കടകളിലെ ശുചിത്വം, പരിപാലനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ മാത്രമേ നോക്കാറുള്ളൂ. നിലവിൽ ഭക്ഷ്യ സുരക്ഷ വിഭാഗം മാത്രമേ സാമ്പിളുകൾ ശേഖരിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നുള്ളൂ. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആസിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്ന് നേരത്തേതന്നെ പരാതിയുണ്ട്.
ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസലായനി കുടിച്ചുണ്ടായ അപകടത്തിെൻറ പശ്ചാത്തലത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കോർപറേഷന് റിപ്പോർട്ട് നൽകിയെന്ന് സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് റിപ്പോർട്ട് െെകമാറിയത്. അതേസമയം, കടകളിൽ ആസിഡ് ഉപയോഗിക്കുന്നുണ്ടെന്നും പരിശോധന ശക്തമാക്കണമെന്നുമുള്ള റിപ്പോർട്ട് രണ്ടു മാസം മുന്നെ സ്പെഷൽ ബ്രാഞ്ച് നൽകിയെന്ന് ഒരു ദൃശ്യമാധ്യമത്തിൽ വന്ന വാർത്ത കോർപറേഷൻ ആരോഗ്യ വിഭാഗം നിഷേധിച്ചു.
തട്ടുകടകളിൽ പഴങ്ങൾ ഉപ്പിലിടുന്നതിന് വിനാഗിരി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഭക്ഷ്യ സുരക്ഷ മാനദന്ധങ്ങൾ പ്രകാരം മാർക്കറ്റുകളിൽ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരം ഉള്ള സിന്തറ്റിക് വിനാഗർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
തട്ടുകടകളിൽ ഒരു കാരണവശാലും ഗ്ലേഷ്യൽ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളിൽ നേരിട്ട് ചേർക്കാനോ പാടില്ല.
ഒരാഴ്ചക്കുള്ളിൽ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷ പരിശീലനം നൽകും.
കൃത്യമായ ലേബൽ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്കൃത വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്കൃത വസ്തുക്കളുടെയും ബില്ലുകൾ കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്.
ഭക്ഷ്യ സുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ കടകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല.
പരാതികൾ ഭക്ഷ്യ സുരക്ഷാ ടോൾ ഫ്രീ നമ്പറായ 18004251125 ൽ അറിയിക്കാം.
കടകളിൽ നിന്ന് സാമ്പിളുകൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾ ആലോചിക്കും. നിലവിൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന ശക്തമാക്കും.
മിലു മോഹൻദാസ് (കോർപറേഷൻ ഹെൽത്ത് ഓഫിസർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.