കോഴിക്കോട്: നഗരത്തിലെ മൂന്ന് പാലങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി കൈവരികൾ പുതുക്കുന്ന പണി തുടങ്ങി. ഫ്രാൻസിസ് റോഡ് എ.കെ.ജി മേൽപാലം, കല്ലുത്താൻകടവിലെയും മാങ്കാവിലെയും പാലങ്ങൾ എന്നിവയിലാണ് കൈവരി നന്നാക്കൽ തുടങ്ങിയത്. മൂന്ന് പാലങ്ങളിലും നവീകരണജോലിയുടെ 30 ശതമാനത്തോളം പൂർത്തിയായതായി കരാറുകാരായ മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്പെഷാലിറ്റീസ് സോണൽ മാനേജർ അനിൽ നാരായണൻ അറിയിച്ചു.
സ്ലാബ് നന്നാക്കൽ, കൈവരികൾ മുഴുവനായി പൊളിച്ച് നന്നാക്കൽ, തൂണുകൾ നന്നാക്കൽ എന്നിവയെല്ലാം തുടങ്ങി. സി.എച്ച് മേൽപാലം നന്നാക്കുമ്പോൾ ഗതാഗതം തടയേണ്ടിവന്നുവെങ്കിലും എ.കെ.ജി പാലത്തിൽ അത് വേണ്ടിവരില്ലെന്നാണ് നിഗമനം.
എ.കെ.ജി പാലത്തിൽ സി.എച്ച് മേൽപാലത്തിലുള്ള പോലെ ഫുട്പാത്തില്ലാത്തതിനാൽ വാഹനങ്ങൾക്ക് കൂടുതൽ സ്ഥലം കിട്ടുന്നതുകൊണ്ടാണിത്. പാലത്തിൽ പുതുതായി ഫുട്പാത്ത് നിർമിക്കാൻ പദ്ധതിയില്ല. പഴയ കൈവരികളെല്ലാം ഉള്ളിൽ തുരുമ്പെടുത്തിരുന്നു.
എ.കെ.ജി മേൽപാലത്തിൽ പുഷ്പ ജങ്ഷനടുത്തുനിന്നാണ് നവീകരണം തുടങ്ങിയത്. മൂന്ന് പ്രവൃത്തികളും ഒന്നിച്ച് തീർക്കാനാണ് ശ്രമം. ആറ് മാസത്തിനകം പണി തീർക്കാനാണ് കരാർ. 4.47 കോടി രൂപ ചെലവില്‍ സി.എച്ച് മേൽപാലം നവീകരിച്ചതിന് പുറമെ, 1986ല്‍ നിര്‍മിച്ച എ.കെ.ജി മേൽപാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ 3.5 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കല്ലുത്താൻകടവ് പാലം നന്നാക്കാൻ 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയുമാണ് അനുവദിച്ചത്. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള പാലം എന്ന നിലയിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബീച്ച് റോഡിലേക്കുള്ള വഴിയെന്ന നിലയിലുമുള്ള എ.കെ.ജി പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തരമായി പാലം നവീകരിക്കുന്നത്.
ധാരാളമായി ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പാലമാണിത്. മീഞ്ചന്ത ബൈപാസ് സ്ഥാപിച്ചപ്പോഴുണ്ടാക്കിയതാണ് കല്ലുത്താംകടവിലെയും മാങ്കാവിലെയും പാലങ്ങൾ. കല്ലുത്താൻകടവ് പാലം കനോലി കനാലിന് കുറുകെയും മാങ്കാവ് പാലം കല്ലായിപ്പുഴക്ക് മേലെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.