കോഴിക്കോട്: മായംകലർന്നതും പഴക്കമേറിയതുമായ ഭക്ഷ്യപദാർഥവും ഭക്ഷണവും വിൽക്കുന്നവർക്കെതിരെ കർശന നടപടിക്ക് മടിച്ച് അധികൃതർ. എവിടെയെങ്കിലും ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ മാത്രം പരിശോധന നടത്തുകയെന്നരീതിയാണ് വിവിധ വകുപ്പുകൾ പിന്തുടരുന്നത്.
കോഴിക്കോട് നഗരത്തിലടക്കം വൻകിട ഹോട്ടലുകളിലും ബാറുകളിലും പരിശോധിക്കുന്നത് അപൂർവ കാഴ്ചയാണ്. സ്റ്റാർ ഹോട്ടലുകളിലും ഉദ്യോഗസ്ഥർ കയറുന്നില്ല. ഭക്ഷണപദാർഥങ്ങളല്ലാതെ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും കർശന നടപടി വേണമെന്ന ആവശ്യമുയരുകയാണ്. കുത്തരിയിലും വെളിച്ചെണ്ണയിലുമാണ് ഏറ്റവും കൂടുതൽ മായമുള്ളത്.
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുമാണ് സാധാരണയായി പരിശോധന നടത്താറുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിലും കൃത്യമായ പരിശോധനയും ബോധവത്കരണവും നടത്താറുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ വാദം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്തതും ജില്ലയിലാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31വരെ 4581 പരിശോധനകൾ നടന്നു. ഇതിൽ 350 എണ്ണം മാത്രമാണ് പരാതികളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. ബാക്കിയെല്ലാം വകുപ്പ് ഉദ്യോഗസ്ഥർ സ്വമേധയാ പരിശോധിച്ചതാണെന്നും ഇവർ പറയുന്നു.
എന്നാൽ, പരിശോധനകളുണ്ടെങ്കിലും കർശനമായ നടപടിക്ക് ഭക്ഷ്യസുരക്ഷാവകുപ്പും തയാറാകുന്നില്ല.
പിഴയടപ്പിച്ച് വിടുകയാണ് പതിവ്. ലൈസൻസ് പുതുക്കാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും കൃത്യമായ പരിശോധനയില്ലെന്നതിന്‍റെ സൂചനയാണ്. ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ കച്ചവടംചെയ്യുന്നത് നിയമപ്രകാരം ആറ് മാസംവരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽകുറ്റമാണ്.
ലൈസൻസും രജിസ്ട്രേഷനും ഓൺലൈൻ വഴിയാണ് അപേക്ഷിക്കുന്നതും സമ്പാദിക്കുന്നതും. ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്താതെയാണ് ലൈസൻസ് നൽകുന്നത്. 'സാനിറ്ററി സർട്ടിഫിക്കറ്റ്' അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റും സ്ഥാപനങ്ങളിലെത്തുമ്പോഴാണ് പലപ്പോഴും വൃത്തിയില്ലായ്മ വ്യക്തമാകുന്നത്.വരാനിരിക്കുന്ന പൊതുജനാരോഗ്യ നയത്തിൽ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്കാണ് റെയ്ഡിന് അധികാരമുള്ളത്.
നിലവിൽ ഹെൽത്ത് ഇൻസ്പെക്ടർമാരടക്കം കൃത്യമായ പരിശോധനകൾ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണകക്ഷികളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടിയും വരുന്നു.
ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിറ്റതിന് പിഴ
കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും തെറ്റായ ലേബലുള്ളതുമായ ഉൽപന്നങ്ങൾ വിറ്റതിന് ഭക്ഷ്യസുരക്ഷ വകുപ്പ് നൽകിയ കേസിൽ ആർ.ഡി.ഒ കോടതി 6.34 ലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞ മാസമാണ് റെയ്ഡ് നടത്തിയത്. നന്നാറി സർബത്ത് മുതൽ വെളിച്ചെണ്ണവരെയുള്ള ഭക്ഷ്യവസ്തുക്കളാണ് നിയമം പാലിക്കാതെ വിറ്റത്. കല്ലായ് ചിപ്സ്, രേണുക ഓയിൽ മിൽ, ബിഗ്ബസാർ എ.എസ് ഓയിൽ മിൽ, പഴങ്ങാടി ഓയിൽ മിൽ, പൂജ ഓയിൽസ്, തൊണ്ടയാട് ബ്രദേഴ്സ് ബേക്കറി, ചേവായൂർ ബുംഗേ ഇന്ത്യ ലിമിറ്റഡ് ഇംഗ്ലീഷ് കേക്ക്സ്, നോർത്ത് മലബാർ ഡിസ്ട്രിക്ട് സഹകരണ സൊസൈറ്റി സൂര്യ അഗ്രോ പ്രൊഡക്ട്സ്, റൂബി ഹൈപ്പർ മാർക്കറ്റ്, വടകര മാംബൂ ഫുഡ്സ്, ചൈതന്യ ഹെർബൽസ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.
ജില്ലയിൽ ശനിയാഴ്ച 15 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. ആറ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എലത്തൂർ, മാവൂർ റോഡ് എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.