കോഴിക്കോട്: സാമ്പത്തിക ബാധ്യതയില്ലാതെതന്നെ പ്രമോഷൻ സാധ്യത നിലനിൽക്കെ, ജോലിയിൽ പ്രവേശിച്ച അതേ തസ്തികയിൽ വിരമിക്കാൻ വിധിക്കപ്പെട്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ. മാതൃശിശു സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന കാലഘട്ടത്തിലാണ് പ്രമോഷൻ സാധ്യത അവസാനിപ്പിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെകൊണ്ട് ജോലിചെയ്യിക്കുന്നതെന്നാണ് പരാതി.
ജെ.പി.എച്ച്.എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്) പ്രമോഷൻ തസ്തികയായ പി.എച്ച്.എൻ (പബ്ലിക് ഹെൽത്ത് നഴ്സ്) തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കണമെങ്കിൽ ആറുമാസത്തെ ഫീമെയിൽ ഹെൽത്ത് സൂപ്പർവൈസറി പരിശീലനം പൂർത്തിയാക്കണമെന്നാണ് പഴയ സ്പെഷൽ റൂൾ നിബന്ധന. എന്നാൽ, സമയബന്ധിതമായി പരിശീലനം നടക്കാത്തതിനാലാണ് അവസരം നഷ്ടമാകുന്നത്.
സംസ്ഥാനത്ത് നിലവിൽ 400ഓളം പി.എച്ച്.എൻ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. 25 ഓളം പി.എച്ച്.എൻ.എസ് ഒഴിവും 12 ട്യൂട്ടർ ഒഴിവും 17 ഡി.പി.എച്ച്.എൻ ഒഴിവും 14 ജില്ലയിലും മുഴുവൻ എം.സി.എച്ച് ഓഫിസർ തസ്തികയും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത്രയും ഒഴിവുകളുണ്ടായിട്ടും ജോലിയിൽ കയറിയ അതേ തസ്തികയിൽനിന്നുതന്നെ വിരമിക്കേണ്ട അവസ്ഥയാണ് സ്ത്രീ ജീവനക്കാർ മാത്രമുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക്.
ഇൻസർവിസ് ട്രെയിനിങ് നൽകാതെയും എട്ടുവർഷത്തോളമായി പബ്ലിക് ഹെൽത്ത് നഴ്സിങ് വിഭാഗത്തിന്റെ സ്പെഷൽ റൂൾ ഭേദഗതി ചെയ്യാതെയും പ്രമോഷൻ അട്ടിമറിക്കുകയാണെന്ന് ഈ വിഭാഗം ജീവനക്കാർ പരാതിപ്പെടുന്നു. സൂപ്പർവൈസറി പദവിയായ പി.എച്ച്.എൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ സർക്കാറിന് നിവേദനം നൽകിയിരിക്കുകയാണ്.
24 മുതൽ 28 വർഷം വരെ ജെ.പി.എച്ച്.എൻമാരായി സേവനം ചെയ്യുന്ന ഇവരിൽ, വിരമിക്കൽ സമയം അടുത്തവരുമുണ്ട്. നിലവിൽ ജെ.പി.എച്ച്.എൻ, പി.എച്ച്.എൻ, പി.എച്ച്.എൻ.എസ് തസ്തികകളിലെ അധിക ചുമതല കൂടി വഹിക്കുന്നവരാണ്. പ്രജനന ശിശു ആരോഗ്യ സൂചിക ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജെ.പി.എച്ച്.എൻമാർക്ക് യഥാസമയം മേൽനോട്ട നിർദേശങ്ങൾ നൽകേണ്ട വിഭാഗമായ പി.എച്ച്.എൻമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും ആരോഗ്യമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.