കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ സർവേ പൂർത്തിയായത് 10.2 കിലോമീറ്റർ ദൂരം. രണ്ടാഴ്ച സമയമെടുത്താണ് ഇത്രയും ദൂരം സർവേ പൂർത്തിയാക്കിയത്. ഇതിൽ കല്ലായി പള്ളിക്കണ്ടി മേഖലയിൽ സ്ഥാപിച്ച സർവേ കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞു. ഇനി ജില്ലയിൽ 60 കിലോമീറ്ററോളം ദൂരം സർവേ പൂർത്തിയാക്കാനുണ്ട്. കോഴിക്കോട് നഗരത്തിൽ പന്നിയങ്കര മുതൽ വെള്ളയിൽ വരെ 5.7കിലോമീറ്റർ ദൂരം ഭൂഗർഭപാതയാണ്. ഈ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവേ നടത്തിയത്.
ഭൂഗർഭപാതയാണെങ്കിലും മേൽപരപ്പിൽ എത്ര കെട്ടിടങ്ങളുണ്ട് തുടങ്ങിയ കണക്കുകൾ എടുക്കുന്നതിനാണ് സർവേ എന്നാണ് അധികൃതർ പറയുന്നത്.
രണ്ടു മാസംകൊണ്ട് സർവേ നടപടികൾ പൂർത്തിയാക്കാനായിരുന്നു കെ-റെയിൽ തീരുമാനം. പുതിയ സാഹചര്യത്തിൽ സർവേ സമയബന്ധിതമായി പൂർത്തിയാക്കാനാവില്ല എന്നാണ് വിലയിരുത്തൽ. സർവേ പൂർത്തിയായാലേ സാമൂഹികാഘാതപഠനം ആരംഭിക്കാൻ പറ്റൂ. കൊയിലാണ്ടിയിലെ സ്വകാര്യ ഏജൻസിക്കാണ് സാമൂഹികാഘാതപഠനത്തിനുള്ള ടെൻഡർ ലഭിച്ചത്.തുടർസർവേ കല്ലിട്ടുതന്നെ നടത്തുമെന്നാണ് അധികൃതർ പറയുന്നത്. 1964 റൂൾ മൂന്ന് പ്രകാരമുള്ള 90 സെന്റി മീറ്റർ നീളമുള്ള സർവേകല്ലുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ കല്ലുകൾ ഉപയോഗിക്കുന്നത്. റോഡുകളിൽ കല്ലിന് പകരം ആണി ഉപയോഗിക്കും.
അതിനിടെ, ഭൂഗർഭപാത പോകുന്ന ഭാഗത്ത് അലൈൻമെന്റിൽ മാറ്റം വന്നിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. കോഴിക്കോട്ട് റെയിൽവേ ലൈനിന് സമാന്തരമായി ഭൂഗർഭപാത കടന്നുപോവുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
പള്ളിക്കണ്ടി മേഖലയിൽ സർവേ ആരംഭിച്ചപ്പോൾ ഇതിൽ മാറ്റമുള്ളതായാണ് വ്യക്തമാവുന്നതെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. ജനകീയപ്രതിഷേധം ശക്തമാവാൻ ഇതും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.