കക്കട്ടിൽ: അങ്ങാടിയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് രണ്ട് കാറുകളും ബാങ്ക് മതിലും ഇടിച്ച് തകർത്തു. വടകര-തൊട്ടിൽപാലം റൂട്ടിലോടുന്ന പി.പി ബസാണ് റോഡരികിൽ നിർത്തിയ ബാങ്കിന് മുന്നിലായി നിർത്തിയ കാറുകൾ ഇടിച്ച് തകർത്തശേഷം വടകര സഹകരണ ഗ്രാമവികസന ബാങ്കിന്റെ മതിൽ തകർത്ത് നിന്നത്. ബാങ്കിന്റെ മുറ്റത്തും കാറിന്റെ അരികിലും ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം.
മഴയും ഉണ്ടായിരുന്നു. തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്ന ബസ് ആദ്യം ബാങ്ക് ഗേറ്റിന്റെ ഇടത് വശത്ത് നിർത്തിയ ഇന്നോവ കാറിലാണ് ഇടിച്ചത്. സംഭവ സമയം കാറിന്റെ അരികിലൂടെ നടന്ന പെൺകുട്ടി ഒരടികൂടി മുന്നോട്ടുവെച്ചിരുന്നെങ്കിൽ കാറിനും ബസിനും ഇടയിൽ ചതഞ്ഞരയുമായിരുന്നു. ബസ് കാറിലിടിച്ച ഉടനെ കുട്ടി പിറകോട്ട് ഓടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് ഗേറ്റിന്റെ വലതുവശത്ത് നിർത്തി സ്വിഫ്റ്റ് കാറിലും ഇടിച്ച് ബസ് മതിലിൽ ഇടിക്കുകയായിരുന്നു. ബാങ്ക് മുറ്റത്ത് ഗേറ്റിന് സമീപം നിന്ന പെൺകുട്ടിക്ക് സമീപമാണ് മതിൽ തകർന്നുവീണത്. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ജാനു നരിക്കാട്ടേരി, മുഹമ്മദ് ഷാനു, ആയിഷ തുടങ്ങി ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.