കോഴിക്കോട്: കല്ലായിപ്പുഴ നന്നാക്കാൻ ഏറ്റവും മികച്ച അവസരമായി മറ്റൊരു വേനൽകൂടി എത്തിയിട്ടും പുഴയിൽനിന്ന് ചളിയെടുത്തുമാറ്റാനുള്ള നടപടികൾ വൈകുന്നു. ആഴം കൂട്ടി ഒഴുക്കു കൂട്ടാനുള്ള നടപടിക്രമങ്ങളാണ് നീണ്ടുപോവുന്നത്. ടെൻഡർ നടപടികൾ മാസങ്ങൾക്കുമുമ്പ് ആയെങ്കിലും ചളി നീക്കാൻ അധികതുക വേണമെന്നു കണ്ടതിനാൽ അതിനുള്ള അംഗീകാരത്തിനായി സർക്കാറിനെ സമീപിച്ചിരിക്കയാണിപ്പോഴെന്ന് പദ്ധതി നടപ്പാക്കുന്ന ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കല്ലായിപ്പുഴയിൽ കടുപ്പിനി മുതല്‍ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചളിയും നീക്കാനുള്ള 7.9 കോടിയുടെ പദ്ധതിയാണ് നീളുന്നത്. ഇത്രയും പണം കോഴിക്കോട് കോർപറേഷൻ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്.
എങ്കിലും ടെൻഡർ വിളിച്ചപ്പോൾ ഇതിലുമധികം പണം വേണമെന്ന കണ്ടെത്തലാണ് വീണ്ടും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയത്. ടെൻഡറിൽ 9.81 കോടി വേണമെന്നാണ് കണ്ടത്. 34.39 ശതമാനത്തിലേറെ അധികതുക വേണമെന്നാണ് കണ്ടെത്തൽ. അതുപ്രകാരം ബാക്കി വേണ്ട 1.91 കോടികൂടി നൽകാൻ കോർപറേഷൻ കൗൺസിലിൽ തീരുമാനിച്ചു.
10 ശതമാനം വരെ അധികതുക വന്നാൽ മാത്രമേ വകുപ്പുതലത്തിൽ അംഗീകാരം നൽകാനാവൂവെന്നതിനാലാണ് ഇപ്പോൾ സർക്കാറിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. ഇനിയും കാലതാമസമുണ്ടായാൽ ടെൻഡർ തുക ഇനിയും കൂടി പദ്ധതി തന്നെ അവതാളത്തിലാവും. മഴക്കാലം വന്നാൽ ചളിയെടുക്കുന്നതിന് തടസ്സവുമുണ്ടാവും. അടുത്ത ഏതാനുമാഴ്ചക്കകം തീരുമാനമുണ്ടായാൽ മാത്രമേ ഇത്തവണയെങ്കിലും പദ്ധതി നടപ്പാക്കാൻ കഴിയൂ.
പദ്ധതി നടപ്പാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനപ്രകാരം നിർദേശങ്ങളും നൽകിയിരുന്നു. പുഴയിലെ ചളി കടലിൽ നിശ്ചിത ദൂരത്തിൽ നടക്കുന്നതടക്കം നിർദേശത്തിലുണ്ടായിരുന്നു. കനോലി കനാൽ വഴിയെത്തുന്ന നഗരത്തിലെ വെള്ളം കല്ലായിപ്പുഴയിലൂടെ ഒഴുകാത്തതാണ് കോഴിക്കോട്ടെ വെള്ളക്കെട്ടിന് മുഖ്യ കാരണമെന്നാണ് പറയുന്നത്. കല്ലായിപ്പുഴ ആഴം കൂട്ടണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. നഗരത്തിൽ വലിയ പ്രളയമുണ്ടായപ്പോൾ പുഴയിലെ ഒഴുക്കു നിലച്ചതാണ് മുഖ്യ കാരണങ്ങളിലൊന്നെന്ന് കണ്ടെത്തിയിരുന്നു. ഏറെ കാത്തിരുന്ന് കഴിഞ്ഞ ജൂണിൽ ടെൻഡറിലേക്ക് കടന്ന പദ്ധതിയാണ് മാസങ്ങൾ കഴിഞ്ഞിട്ടും അനുമതിയാവാതെ നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.