കോഴിക്കോട്: കണ്ടംകുളത്തെ സ്വാതന്ത്ര്യ ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ പേര് നൽകുന്നത് ഇസ്ലാമികവത്കരണമാണെന്ന രീതിയിൽ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒന്നിച്ച് പ്രതിഷേധമുയർത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇത്തരം വർഗീയ പ്രചാരണങ്ങൾ കോഴിക്കോടിന്റെയും തളിയുടെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. തളിക്ഷേത്രവും മിഷ്കാൽ പള്ളിയുമെല്ലാം കോഴിക്കോടിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.
സംഘ്പരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചാരണങ്ങൾ ജനങ്ങൾക്കിടയിലെ സൗഹൃദവും ഐക്യവും തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേര് നൽകുന്നത്, ഇസ്ലാമികവത്കരണമായി കാണാൻ വർഗീയവിദ്വേഷത്തിന്റെ തിമിരം ബാധിച്ച മതാന്ധർക്കേ കഴിയൂ. ഈ നിലപാട് കുഞ്ഞാലി മരക്കാരെ സേനാധിപനായി വാഴിച്ച് പോർചുഗൽ ആധിപത്യത്തിനെതിരെ പോരാടിയ, സാമൂതിരിയോടുള്ള അവഹേളനം കൂടിയാണെന്ന് സി.പി.എം പ്രസ്താവനയിൽ പറയുന്നു.
1930ൽ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നടന്ന നിയമലംഘന സമരങ്ങൾക്ക് ബ്രിട്ടീഷ് പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് നേതൃത്വം നൽകിയവരിൽ മുന്നിൽ നിന്നത് മുഹമ്മദ് അബ്ദുറഹ്മാനായിരുന്നു.
കോഴിക്കോടും പയ്യന്നൂരും നടന്ന ഉപ്പ് സത്യഗ്രഹ സമരങ്ങളിൽ ബ്രിട്ടീഷ് പൊലീസിന്റെ മർദനങ്ങളേറ്റുവാങ്ങിയ വീരപുത്രന്റെ നാമം സ്വാതന്ത്ര്യസമര ജൂബിലി ഹാളിന് നൽകാനുള്ള കോർപറേഷൻ കൗൺസിലിന്റെ തീരുമാനം എന്തുകൊണ്ടും ഉചിതവും നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും പാരമ്പര്യത്തെ ജനമനസ്സുകളിൽ ഉറപ്പിച്ചു നിർത്താനുള്ള ഉചിതമായ നടപടിയുമാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.