ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്​ കാപ്പാട് ബീച്ച്

കോഴിക്കോട്​: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള ചുവടുവെപ്പുകൾ അവസാന ഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷാ സംവിധാനമുള്ളതും പരിസ്ഥിതി പരിഗണനകളുള്ളതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്. ഡെൻമാർക്ക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയൺമെൻറൽ എജുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി ഇന്ത്യയിൽനിന്ന്​ പരിഗണിച്ച എട്ട് ബീച്ചുകളിൽ കേരളത്തിൽനിന്ന്​ ​െതരഞ്ഞെടുക്കപ്പെട്ടത് ചരിത്ര പ്രാധാന്യം അർഹിക്കുന്ന കാപ്പാട് ബീച്ചാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ഐ.സി.ഒ.എം (സൊസൈറ്റി ഓഫ് ഇൻറഗ്രേറ്റഡ് കോസ്​റ്റൽ മാനേജ്മെൻറ്​) ആണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്.സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചെന്ന്​ വിളംബരം ചെയ്യുന്നതിനായി ബീച്ചിൽ 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയർത്തും.

അന്താരാഷ്​ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്​ച വൈകുന്നേരം 3.30ന് പരിപാടി വിഡിയോ കോൺഫറൻസ് മുഖേന കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി. ഗുപ്ത ഉദ്ഘാടനംചെയ്യും. കാപ്പാട് ബീച്ചിൽ പതാക ഉയർത്തൽ കെ. ദാസൻ എം.എൽ.എ നിർവഹിക്കും. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടക്കുക.

കൊയിലാണ്ടി എം.എൽ.എ ചെയർമാനും ജില്ല കലക്ടർ നോഡൽ ഓഫിസറായും ഉള്ള ബീച്ച് മാനേജ്‌മെൻറ്​ കമ്മിറ്റി ആണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. ഈ പ്രവൃത്തിക്കായി കേന്ദ്രം എട്ട് കോടിയോളം രൂപയാണ് വകയിരുത്തിയത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.