കോഴിക്കോട്: പേമാരിക്കിടയിൽ അപായസൂചനകൾ മുഴക്കി നഗരത്തിലെ ആശുപത്രികളിലേക്ക് ആംബുലൻസുകൾ പരക്കം പായുന്ന കാഴ്ചയായിരുന്നു കോഴിക്കോടിെൻറ വീഥികളിൽ. മിക്ക ആംബുലൻസുകളും മെഡി. കോളജ് ആശുപത്രി ലക്ഷ്യമാക്കി പായുന്നു.
ബേബി ആശുപത്രിയിലേക്കും മിംസിലേക്കും മെയ്ത്രയിലേക്കും ഇഖ്റയിലേക്കും സൈറൺ മുഴക്കിപ്പായുന്ന വണ്ടികൾ. രാത്രി 8.45ഒാടെ മെഡി. കോളജിൽ പരിക്കേറ്റവരെയുമായി ആദ്യ ആംബുലൻസ് എത്തി. പിന്നാലെ പല വാഹനങ്ങൾ. പിക്അപ് വാഹനങ്ങളിൽ വരെ പരിക്കേറ്റവർ വരുന്നു. നിശ്ചലരായിക്കിടക്കുന്ന കുട്ടികൾ, സ്ത്രീകൾ... അടുത്ത കാലത്തൊന്നും ഇതുപോലൊരു ദുരന്തത്തെ നേരിടാൻ മെഡി. കോളജ് ഒരുങ്ങിയിരുന്നില്ല. കോവിഡിനിടെ ഇതുപോലൊരു സാഹചര്യം അത്യന്തം ആശങ്കപരത്തുന്നതുകൂടിയായിരുന്നു.
അപകടവിവരമറിഞ്ഞ് നാടിെൻറ നാനാഭാഗത്തുനിന്നും ആളുകൾ മെഡി. കോളജിലേക്ക് എത്തി. പലരും യാത്രക്കാരായ ബന്ധുക്കളെയും കുട്ടികളെയും തിരഞ്ഞാണ് പരക്കം പായുന്നത്. ഒന്നര മണിക്കൂറിനിടെ 20ഒാളം പേരെയാണ് മെഡി. കോളജിൽ എത്തിച്ചത്. രണ്ട് സ്ത്രീകളും ഒരു കുഞ്ഞും രണ്ട് പുരുഷന്മാരും മരിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും മരിച്ചത് ആരെല്ലാമാണെന്ന് സ്ഥിരീകരിക്കാനാവുന്നില്ല. 10.48ഒാടെയാണ് മരിച്ച കുഞ്ഞടക്കം നാലുപേരെ തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയെ രാത്രി വൈകി തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് സ്വകാര്യ ആശുപത്രികളിലേക്കും നെഞ്ചിടിപ്പുമായി ബന്ധുക്കൾ പരക്കം പായുകയായിരുന്നു. എം.എൽ.എമാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, ജില്ല കലക്ടർ വി. സാംബശിവ റാവു എന്നിവർ മെഡി. കോളജ് ആശുപത്രിയിൽ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.