കൊടുവള്ളി: ലക്ഷങ്ങൾ വിലവരുന്ന കൊടുവള്ളി ഗവ. എച്ച്.എസ് ഹൈസ്കൂളിന്റെ ബസ് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. വി.എം. ഉമ്മർ മാസ്റ്റർ എം.എൽ.എ ആയിരിക്കെ 2011-12 വർഷത്തിൽ എസ്.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി ബസ് അനുവദിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായിരുന്നു യാത്രാസൗകര്യം ഏർപ്പെടുത്തിയിരുന്നത്. താമരശ്ശേരിക്കും കൊടുവള്ളിക്കും ഇടയിലുള്ള കുട്ടികളാണ് ബസിനെ ആശ്രയിച്ചിരുന്നത്. ബസിൽ കുട്ടികൾ കുറഞ്ഞതോടെ ഹൈസ്കൂൾ കുട്ടികൾക്ക് കൂടി ബസ് പ്രയോജനപ്പെടുത്തുകയായിരുന്നു.
കോവിഡ് കാലത്ത് ബസ് മാസങ്ങളോളം നിർത്തിയിട്ടതോടെ ബസിന് കാര്യമായ തകരാറു സംഭവിച്ചു. ഇത് നന്നാക്കിയെടുക്കാനും ഇൻഷുറൻസും ടാക്സും അടക്കുവാനും ബസ് ജീവനക്കാർക്ക് കൂലി കൊടുക്കുവാനും പണമില്ലാതെ പി.ടി.എ കമ്മിറ്റിക്ക് സാമ്പത്തിക ബാധ്യത വന്നതോടെയാണ് ബസ് തീർത്തും കട്ടപ്പുറത്തായത്. ഇപ്പോൾ ബസ് സ്കൂളിന് സമീപത്ത് ഒരുവർഷത്തിലധികമായി നിർത്തിയിട്ടിരിക്കുകയാണ്. മുൻ എം.എൽ.എ കാരാട്ട് റസാഖ് അനുവദിച്ച ഒരു ബസ് മാത്രമാണ് കുട്ടികളുടെ യാത്രക്കായി സർവിസ് നടത്തിവരുന്നത്. കട്ടപ്പുറത്തായ ബസ് അറ്റകുറ്റപ്പണികൾ നടത്തി സർവിസ് നടത്താൻ നടപടി അടുത്ത പി.ടി.എ കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് പി.ടി.എ പ്രസിഡന്റ് ആർ.വി. റഷീദ് പറഞ്ഞു. സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മകൾ സഹായിച്ചാൽ പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.