കോഴിക്കോട്: രണ്ടു വർഷമായി നിരന്തര സമരത്തിനും സംഘർഷത്തിനും കാരണമായ ആവിക്കൽ തോട്-കോതി മലിനജല സംസ്കരണ പ്ലാന്റുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനം. വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിലേക്കാണ് പ്ലാന്റ് മാറ്റുക. അമൃത രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാന്റ് നിർമിക്കുന്നത്. നേരത്തേ ആവിക്കൽ തോട്, കോതി എന്നിവിടങ്ങളിൽ നിർമിക്കാനുദ്ദേശിച്ച പ്ലാന്റ്, 133.16 കോടി ചെലവിൽ ഒറ്റ പദ്ധതിയായാണ് വെസ്റ്റ്ഹില്ലിൽ നിർമിക്കുക. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
പുതിയ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ(ഡി.പി.ആർ) തയാറാക്കാൻ ഡിസൈൻ ബിൽഡ് ഓപറേറ്റ് മാതൃകയിൽ ടെൻഡർ വിളിക്കും. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്താനായിരുന്നു തീരുമാനമെങ്കിലും സരോവരം പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ഉദ്യോഗസ്ഥർ തിരക്കിലായതിനാലും ആ പ്രവൃത്തി ഇതുവരെ പൂർത്തിയാക്കാത്തതിനാലുമാണ് പ്രത്യേകം ടെൻഡർ വിളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വെസ്റ്റ്ഹിൽ പദ്ധതി അമൃത് കോർ കമ്മിറ്റി നേരത്തെ അംഗീകരിച്ചതാണ്. കോർപറേഷൻ കൗൺസിലും അംഗീകരിച്ചതോടെ ഇനി സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിനായി അയക്കും. സർക്കാരിന്റെ ഉന്നതാധികാര സമിതിയുടെ അംഗീകാരം കിട്ടുന്നതോടെ തുടർ നടപടികൾ ആരംഭിക്കും.
കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും തുടർന്ന് വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആവിക്കൽ തോട്, കോതി പദ്ധതികളുടെ നെറ്റ് വർക്ക് പ്രവൃത്തിയുടെ കരാർ എടുത്തിട്ടുള്ള അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്ട്രെക്ചറിനെ തന്നെയായിരിക്കും നെറ്റ് വർക് ഒരുക്കാൻ ഏൽപിക്കുക. കോതിയിലെയും ആവിക്കലിലെയും പദ്ധതിയെ എതിർത്ത യു.ഡി.എഫ് പുതിയ തീരുമാനം സ്വാഗതം ചെയ്തു.
വെസ്റ്റ്ഹില്ലിൽ നിർമിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്കരണകേന്ദ്രം ആവിക്കലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: എന്തു സംഭവിച്ചാലും കോതി, ആവിക്കൽതോട് പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കുമെന്ന ദൃഢനിശ്ചയത്തിൽ ഭരണപക്ഷത്തിന് ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതിന്റെ അവസാന ഉദാഹരണമാവുകയാണ് പ്ലാന്റ് മാറ്റാൻ കോർപറേഷൻ കൗൺസിൽ എടുത്ത തീരുമാനം. 2010 ലാണ് ആവിക്കൽ തോടിലും കോതിയിലും മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. ഡി.പി.ആർ തയാറാക്കലും ടെൻഡർ നടപടികളും പൂർത്തിയാക്കി 2021 ഓടെ ആവിക്കൽ തോടിലും കോതിയിലും നിർമാണം തുടങ്ങാനുള്ള നടപടികളുമായി കോർപറേഷൻ മുന്നോട്ടു വന്നപ്പോഴാണ് പ്രദേശവാസികൾ 2021 ഡിസംബറിൽ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് രണ്ടിടത്തും സമരരംഗത്തിറങ്ങിയത്.
2022 പകുതിയോടെ ആവിക്കൽ തോടിലും കോതിയിലും സമരക്കാരും പൊലീസും തമ്മിൽ സംഘർഷങ്ങൾ പതിവായിരുന്നു. ഇതിനിടെ സമരത്തിന് പിന്നിൽ വികസന വിരോധികളും തീവ്രവാദ ശക്തികളുമാണെന്നാരോപിച്ച് സി.പി.എമ്മും രംഗത്തുവന്നു. ഇത് വലിയ ചർച്ചക്കും പ്രതിഷേധത്തിനും ഇടയാക്കി. ജനവാസ കേന്ദ്രങ്ങളിൽ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല എന്നുതന്നെയായിരുന്നു ജനങ്ങളുടെ നിലപാട്. കോതിയിൽ പുഴ നികത്തിയ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നതെന്ന ആരോപണവും ഉയർന്നു. ഇതോടൊപ്പം ആക്ഷൻ കമ്മിറ്റികൾ ജനവാസകേന്ദ്രങ്ങളിലെ പ്ലാന്റിനെതിരെ നിയമനടപടികൾകൂടി തുടങ്ങിയതോടെ നിർമാണം നിയമ കുരുക്കിലായി. പത്ത് മാസങ്ങളായി പദ്ധതി സ്തംഭിച്ച അവസ്ഥയിലായിരുന്നു.
കഴിഞ്ഞ രണ്ടരവർഷങ്ങളായി യു.ഡി.എഫും പ്രദേശത്തെ സമരസമിതിയും നടത്തിയ സമരത്തോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡിഎഫിനേറ്റ കനത്ത തിരിച്ചടിയും പുനഃപരിശോധനക്ക് കാരണമായിട്ടുണ്ട്. ഏതുവിധേനയും സമരത്തെ അടിച്ചമർത്താനായിരുന്നു കോർപറേഷൻ ഭരണാധികാരികളുടെ തീരുമാനം. കോഴിക്കോട് കോർപറേഷനിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലത്തുതന്നെ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള കോർപറേഷൻ തീരുമാനം മണ്ടത്തമായിരുന്നുവെന്ന് തുറന്നു സമ്മതിക്കാൻ മടിച്ച ഭരണപക്ഷം ഏറെ വൈകിയെടുത്ത തീരുമാനം ഇവിടത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.