കോഴിക്കോട്: സായാഹ്നം ആസ്വദിക്കാനെത്തുന്നവർക്ക് കടലോരത്തെ മാലിന്യക്കൂമ്പാരങ്ങൾ ദുരിതമാകുന്നു. കോഴിക്കോട് കടപ്പുറത്താണ് നിരവധി ഭാഗങ്ങളിലായി മാലിന്യക്കൂമ്പാരമുള്ളത്. നേരത്തെ മഴയിൽ ഒഴുകിവന്ന വിറകുകളും മാലിന്യവുമാണ് കടലോരത്ത് അടിഞ്ഞുകൂടിയത്. ഇത് ശുചീകരണ തൊഴിലാളികളടക്കം വിവിധ ഭാഗങ്ങളിലായി കൂട്ടിയിടുകയായിരുന്നു.
നഗരസഭ ഓഫിസ്, ആകാശവാണി, ബീച്ച് ആശുപത്രി എന്നിവയുടെ കടലോര ഭാഗങ്ങളിലായി ഇരുപതിലേറെ സ്ഥലത്താണ് വൻതോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ തെങ്ങിന്റെയടക്കം വിറകുകൾ, മച്ചുകൾ, മദ്യക്കുപ്പികൾ, കുടിവെള്ളത്തിന്റെയും മറ്റും പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, തെർമോകോൾ, ചെരിപ്പുകൾ എന്നിവയടക്കമാണ് വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടത്.
ബീച്ചിലെ ഓപൺ സ്റ്റേജിന് മുൻഭാഗത്ത് ഇവ പരന്ന് കിടക്കുകയുമാണ്. സ്ത്രീകളും കുട്ടികളുമടക്കം ദിവസേന ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന ബീച്ചാണ് കോഴിക്കോട്ടേത്. മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നടക്കം ഇവിടേക്ക് ദിനേന ആളുകളെത്താറുണ്ട്.
ബീച്ചിൽ ഇരിപ്പിടങ്ങൾ ഒരുക്കിയതിനോട് ചേർന്നുള്ള ഭാഗങ്ങളിലും മാലിന്യക്കൂമ്പാരമുണ്ട്. മാലിന്യം നീക്കം ചെയ്യാത്തത് വലിയ ദുരിതമാണെന്ന് ഇവിടത്തെ കച്ചവടക്കാർ പറയുന്നു.
രാത്രി മദ്യപസംഘങ്ങളും ഇവിടെയെത്താറുണ്ട്. ഇവർ മദ്യക്കുപ്പികൾ പൊട്ടിച്ച് ഈ മാല്യ ക്കൂമ്പാരങ്ങളിൽ തള്ളുക പതിവാണ്. ഇരുട്ടായതിനാൽ പെട്ടെന്ന് ആളുകൾ ഇത് കാണുകയില്ല. കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ തട്ടുകടകളിലെ വെളിച്ചം മാത്രമാണുണ്ടാവുകയെന്നും ഇവർ പറയുന്നു.
അടിഞ്ഞുകൂടിയ മാലിന്യം നീക്കിയില്ലെങ്കിൽ ശക്തമായ മഴയിൽ വെള്ളം ഉയരുന്നതോടെ ഇവ വീണ്ടും കടലിലേക്കെത്തുമെന്ന് മത്സ്യ ബന്ധന തൊഴിലാളികളും പറയുന്നു. ഇവ കടലിൽ പരന്നൊഴുകുന്നത് മത്സ്യബന്ധന വലകൾ കീറിപ്പോകാനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.