കോഴിക്കോട്: ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവം മെഡി. കോളജ് ആശുപത്രിക്ക് ചീത്തപ്പേരായി. മുമ്പ് പൊള്ളലേറ്റ പെൺകുട്ടിയെ വാർഡൻ കുളിമുറിയിൽ പീഡിപ്പിച്ച സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സ്ത്രീകളെ പരിചരിക്കാൻ പരമാവധി സ്ത്രീകൾതന്നെ വേണമെന്ന ആവശ്യം ഇനിയും പരിഹരിക്കാത്തത് വീണ്ടും ചർച്ചയാവുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലാക്കിയ രോഗിയെ പുരുഷ അറ്റൻഡർ പീഡിപ്പിച്ചെന്നാണ് പരാതി. ഗ്രേഡ് വൺ അറ്റൻഡർ വടകര മയ്യണ്ണൂർ സ്വദേശി ശശീന്ദ്രനാണ് (55) കേസിൽ അറസ്റ്റിലായത്.
20ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയെ പുലർച്ച ആറിനാണ് ശസ്ത്രക്രിയക്ക് കൊണ്ടുപോയത്. 12ഓടെ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്നു യുവതി. അറ്റൻഡർ മോശമായി പെരുമാറിയപ്പോൾ പ്രതികരിക്കാനായില്ല.
പിന്നീട് ബോധം വന്നപ്പോൾ മറ്റ് രോഗികളെയുമായി ഈ അറ്റൻഡർ വാർഡിലേക്ക് വരുന്നത് കണ്ടപ്പോൾ ഭയത്തോടെ യുവതി നഴ്സിനോട് സംഭവം വിവരിക്കുകയായിരുന്നു. നഴ്സ് സർജറി നടത്തിയ ഡോക്ടർക്ക് സംഭവം റിപ്പോർട്ട് ചെയ്തു.
ഇരുപതോളം രോഗികളുള്ള വാർഡിൽ മറ്റു ജീവനക്കാർ ഉണ്ടായിട്ടും പീഡനം നടന്നത് എങ്ങനെയെന്ന് അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു പ്രധാന കേസ് ഉള്ളതിനാൽ എല്ലാവരും അതിനുപിന്നാലെയായി എന്ന വിശദീകരണമാണ് ജീവനക്കാർ നൽകുന്നത്.
കുന്ദമംഗലം മജിസ്ട്രേറ്റ് നേരിട്ടെത്തി യുവതിയിൽനിന്ന് മൊഴിയെടുത്തു. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം അഡീഷനൽ സൂപ്രണ്ട്, ആർ.എം.ഒ, നഴ്സിങ് ഓഫിസർ തുടങ്ങിയ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തുന്നത്.
കുറ്റക്കാരനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്ത് സൂപ്രണ്ട് ഉത്തരവിറക്കി. ബലാത്സംഗം, പരിചരിക്കാൻ ബാധ്യതപ്പെട്ട സർക്കാർ ജീവനക്കാരൻ നടത്തിയ ഗുരുതര കൃത്യവിലോപം, രോഗിക്ക് മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അസി. കമീഷണർ കെ. സുദർശനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.