കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് പരിചരണമൊരുക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിർമിക്കുന്ന അമ്മത്തൊട്ടിൽ രണ്ടു മാസത്തിനകം പണി പൂർത്തിയായി പ്രവർത്തനസജ്ജമാകും. ആധുനിക സംവിധാനമുള്ള ഇലക്ട്രിക് അമ്മത്തൊട്ടിലാണിത്. കുഞ്ഞുമായി എത്തുന്നയാൾക്ക് റെക്കോഡ് ചെയ്ത മെസേജ് കേൾക്കാം. കുട്ടിയെ അമ്മത്തൊട്ടിലിന് കൈമാറാനാണ് തീരുമാനമെങ്കിൽ വാതിൽ തുറക്കും.
കുഞ്ഞിനെ വെച്ചയുടൻ വാതിൽ അടയും. കലക്ടർ, ശിശുക്ഷേമ സമിതി ഭാരവാഹികൾ, ആശുപത്രി സൂപ്രണ്ട് തുടങ്ങി അഞ്ചുപേർക്ക് കുഞ്ഞിനെ ലഭിച്ചതായുള്ള സന്ദേശമെത്തും. നഴ്സ് എത്തി പരിചരണം നൽകിയശേഷം ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റും. ഉപേക്ഷിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കിയാണ് പ്രവർത്തിക്കുക. അമ്മത്തൊട്ടിലിന്റെ ചുമർനിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നേരത്തേ ഭരണാനുമതി ലഭിച്ച അമ്മത്തൊട്ടിൽ പദ്ധതി, പ്രവൃത്തി ഏറ്റെടുത്ത കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് പിന്മാറിയതോടെ പാതിവഴിയിൽ നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് നിർമാണം പി.ഡബ്ല്യു.ഡിക്ക് കൈമാറുകയായിരുന്നു. എ. പ്രദീപ് കുമാർ എം.എൽ.എ ആയിരിക്കുമ്പോഴാണ് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി തുക കണ്ടെത്തിയത്. 24,11,000 രൂപയായിരുന്നു വകയിരുത്തിയിരുന്നത്. ബീച്ച് ആശുപത്രി നവീകരണ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി സ്ഥലവും കണ്ടെത്തി.
ഇത് തികയാതെ വന്നതോടെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ കൂടി ഫണ്ട് അനുവദിച്ചുകൊണ്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്. ബീച്ച് ആശുപത്രിയുടെ തെക്കു വശത്താണ് അമ്മത്തൊട്ടിൽ ഒരുങ്ങുന്നത്. ചേവായൂരിൽ നേരത്തേ അമ്മത്തൊട്ടിലിനായി കെട്ടിടം നിർമിച്ചുവെങ്കിലും അനുമതി കിട്ടിയില്ല. നവജാത ശിശുക്കൾക്ക് പരിചരണത്തിന് ആശുപത്രി സൗകര്യം വേണമെന്നതിനാലാണ് അമ്മത്തൊട്ടിൽ ബീച്ച് ആശുപത്രിയിൽ നടപ്പാക്കുന്നതെന്ന് ശിശുക്ഷേമവകുപ്പ് സമിതി ജില്ല സെക്രട്ടറി വി.ടി. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.