കോഴിക്കോട്: ബീച്ച് റോഡ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വിളക്കുകാൽ സ്ഥാപിച്ച് പരിപാലിക്കുന്നതിന് നാലുവർഷത്തേക്ക് കൂടി കരാർ നീട്ടിനൽകാനുള്ള തീരുമാനം 22 നെതിരെ 44 വോട്ടുകൾക്ക് നഗരസഭ കൗൺസിൽ പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടുകൂടിയാണ് വിഷയം പാസാക്കിയത്. ബീച്ച് ഓപൺ സ് റ്റേജ് മുതൽ ബീച്ച് ഹോട്ടൽ വരെ വിളക്കുകാൽ സ്ഥാപിച്ച് പരിപാലിക്കുന്നതിനാണ് കരാർ നീട്ടിനൽകാൻ ടൗൺഹാളിൽ നടന്ന കൗൺസിൽ തീരുമാനിച്ചത്.
വിളക്കുകാലിൽ 60 പരസ്യ ബോർഡുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയതെന്നും 60 എണ്ണത്തിെൻറ പണമടച്ച് 100 എണ്ണം സ്ഥാപനം സ്ഥാപിച്ചുവെന്നും അതും നിർദിഷ്ട വലുപ്പത്തിലും കൂടുതലായിരുന്നുവെന്നും കോൺഗ്രസിലെ അഡ്വ.പി.എം. നിയാസ് പറഞ്ഞു. കൂടുതലായി സ്ഥാപിച്ച ബോർഡുകൾക്ക് പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്കാണ് നൽകിയതെന്നും ഇത്തരമൊരു കമ്പനിക്ക് കൂടുതൽ അവസരം നൽകേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിെൻറ വാദം. വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രദേശങ്ങളിൽ കൃത്യമായി വെളിച്ചം ലഭിക്കുന്നുണ്ടെന്നും നല്ലരീതിയിൽ നടത്തിക്കൊണ്ടുപോയാൽ കരാർ നീട്ടി നൽകാൻ വകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി വിഷയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു.
തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പദ്ധതി 14 വാർഡുകളിൽ മാത്രമേ തുടങ്ങാത്തതുള്ളൂവെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ടി.വി. ലളിത പ്രഭ പറഞ്ഞു. 39,600 വിളക്കുകളാണ് എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത്. അതിൽ 33,000ത്തോളം വിളക്കുകൾ മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവ 10 ദിവസംകൊണ്ട് മാറ്റാവുന്നതാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. കമ്പനിക്ക് കൂടുതൽ സമയം വേണമെങ്കിൽ നൽകാവുന്നതാണെന്ന് മേയർ അറിയിച്ചു.
പദ്ധതിയിൽ 13 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന വിവരം കൗൺസിൽ ഇതുവരെ അറിഞ്ഞില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. അഭയം പദ്ധതിയിൽ അപേക്ഷകരില്ലാത്തതിനാൽ പദ്ധതിയിലെ തുക പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് നൽകുമെന്ന് മേയർ കൗൺസിലിനെ അറിയിച്ചു. ലൈഫ് പദ്ധതിൽ 140 േപർക്ക് നിർമിക്കുന്ന ഫ്ലാറ്റിെൻറ തറക്കല്ലിടൽ ഉടൻ ഉണ്ടാകുമെന്നും 4500 ഓളം അപേക്ഷകരുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തതാണ് വീട് നിർമാണം നടത്താൻ സാധിക്കാത്തതിലുള്ള പ്രശ്നമെന്നും മേയർ വ്യക്തമാക്കി.
2019-20 പ്ലാൻ ഫണ്ടിൽ 90. 21 ശതമാനവും കോർപറേഷൻ വിനിയോഗിച്ചുവെന്ന് മേയർ വ്യക്തമാക്കി. എന്നാൽ, 48 ശതമാനം ഫണ്ടിനുള്ള ബില്ലുകൾ മാത്രമേ പാസായിട്ടുള്ളൂ. അതിനാൽ 2020 -21ലെ പ്ലാൻ ഫണ്ടിൽനിന്ന് തുക തനതു ഫണ്ടിലേക്ക് മാറ്റാമെന്നും കൗൺസിലിൽ തീരുമാനമായി.
മഹിളാമാൾ കുടുംബശ്രീയുടെ നല്ല പദ്ധതിയായിരുന്നെങ്കിലും അത് പരാജയപ്പെട്ടാൽ എന്തുചെയ്യാനാകുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. നഗരസഭ കൗൺസിലിൽ മഹിളാമാൾ സംബന്ധിച്ച് ഉഷാദേവി കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നാട്ടിൽ നിരവധി സംരംഭങ്ങൾ ഉണ്ടാകുന്നുണ്ട്. പലതും പൂട്ടിപ്പോകും. അതിനൊന്നും ചെയ്യാനാകില്ല. കുടുംബശ്രീക്ക് നടത്തിപ്പിനു സ്വയം അധികാരമുള്ള സംരംഭമാണ്. നഗരസഭയുടെ സംരംഭമല്ലെന്നും മേയർ വ്യക്തമാക്കി. മാളിൽ വാടകപ്രശ്നം നിലനിൽക്കുന്നുണ്ട്. അതിന് ഉടമകളുമായി ചർച്ചനടത്തി തീരുമാനത്തിലെത്താമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ പറഞ്ഞു.
ഉടമയും സംരംഭകരും തമ്മിൽ നേരിട്ട് കരാർ നടപ്പാക്കിയാൽ ബിനാമികൾ ലാഭം കൊയ്യുന്നത് തടയാനാകുമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉഷാദേവി വ്യക്തമാക്കി. മഹിളാമാൾ സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് അടുത്ത കൗൺസിലിൽ വെക്കാമെന്ന് േമയർ പറഞ്ഞു.
നഗരപരിധിയിലെ ബസ് ഷെൽട്ടറുകൾ പരിപാലിക്കാനും പരസ്യം സ്ഥാപിക്കാനുമുള്ള കരാർ 10 വർഷത്തേക്ക് പുതുക്കി നൽകാനുള്ള തീരുമാനത്തെ അഡ്വ. വിദ്യ ബാലകൃഷ്ണൻ എതിർത്തു. 2005 മുതൽ ഇവർക്ക് ബസ് ഷെൽട്ടറുകൾ പരിപാലിക്കാനുള്ള കരാർ ഉണ്ടായിരുന്നു. പരിപാലനം നടന്നില്ല. മറിച്ച് പൊട്ടിപ്പൊളിഞ്ഞ ബസ്സ്റ്റോപ്പിൽപോലും പരസ്യം വെച്ച് ലാഭം കൊയ്യുക മാത്രമാണ് ചെയ്തതെന്നും ഇത്രയും വർഷത്തേക്ക് കരാർ പുതുക്കി നൽകരുതെന്നും വിദ്യ ആവശ്യപ്പെട്ടു. കരാർ മൂന്നു വർഷത്തേക്കെങ്കിലുമാക്കി കുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു. തറവാടകയും പരസ്യ ലൈസൻസ് ഫീസും ഈടാക്കുകയും ഫീസിൽ വർഷാവർഷം 10 ശതമാനം വർധന വരുത്തുന്നുണ്ടെന്നും ഡെപ്യൂട്ടി മേയർ മീര ദർശക് മറുപടി പറഞ്ഞു.
മാവൂർറോഡ് ശ്മശാനത്തിൽ വെളിച്ചമില്ലാത്ത അവസ്ഥ സംബന്ധിച്ച് നമ്പിടി നാരായണൻ കൗൺസിലിെൻറ ശ്രദ്ധക്ഷണിച്ചു. ശ്മശാനത്തിൽ നലരക്കോടി രൂപയുടെ നവീകരണ പ്രവൃത്തി തുടങ്ങാൻ പോവുകയാണ്. പ്രവൃത്തി യു.എൽ.സി.സിയെ ഏർപിച്ചിട്ടുണ്ട്. ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് ശ്മശാനം നവീകരിക്കുക.
മൂന്ന് മാസംകൊണ്ട് തീർക്കാമെന്നാണ് യു.എൽ.സി.സി അറിയിച്ചിട്ടുള്ളത്. അതുവരെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് പുതിയപാലം, വെസ്റ്റ്ഹിൽ ശ്മശാനങ്ങൾ ഉപയോഗിക്കേണ്ടിവരും. ൈവദ്യുതി, ഗ്യാസ് സംസ്കാരങ്ങൾക്ക് മാവൂർ റോഡ് ശ്മശാനത്തെ തന്നെ ആശ്രയിക്കാവുന്നതാണെന്നും മേയർ അറിയിച്ചു.
പലയിടങ്ങളിലും ബണ്ട് കെട്ടിയതിനാൽ മഴയിൽ വെള്ളം ഉയർന്ന അവസ്ഥയാണെന്ന പേരോത്ത് പ്രകാശെൻറ ശ്രദ്ധക്ഷണിക്കലിന് ബണ്ട് പൊട്ടിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് മേയർ അറിയിച്ചു. കെ.കെ. റഫീഖ്, എം. ഗിരിജ, മുഹമ്മദ് ഷമീൽ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചു.
കോഴിക്കോട്: കോർപറേഷൻ ഇ.എം.എസ് സ്േറ്റഡിയം ഒരു കൊല്ലത്തേക്കുകൂടി ഗോകുലം എഫ്.സിക്കു നൽകാൻ നഗരസഭ തീരുമാനം. ബുധനാഴ്ച ചേർന്ന കൗൺസിൽ േയാഗത്തിലാണ് നടപടി. 2018 ഫെബ്രുവരി മുതൽ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചുവരുകയാണ്.
13.59 ലക്ഷം രൂപ വൈദ്യുതി കുടിശ്ശികയുണ്ടെങ്കിലും 12 മാസ തവണയായി അടച്ചുതീർക്കാമെന്നും തുടർന്നുള്ളവ അതത് മാസംതന്നെ അടക്കാമെന്നും ക്ലബ് അധികൃതർ നൽകിയ അപേക്ഷയിൽ ഉറപ്പുനൽകിയിരുന്നു.
ഇത് പരിഗണിച്ച് 1.25 ലക്ഷം രൂപ ലൈസൻസ് ഫീസിൽ 2021 ആഗസ്റ്റ് രണ്ടു വരെ സ്റ്റേഡിയം ക്ലബിന് നൽകാനാണ് തീരുമാനം. നേരത്തേ ലൈസൻസ് ഫീസ് ഒരു ലക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.