കോഴിക്കോട്: ജില്ലയുടെ സ്വപ്നപദ്ധതിയായ ലൈറ്റ് മെട്രോക്ക് കോന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കോഴിക്കോട്. കേരള മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോകളുടെ വിശദ പദ്ധതിരേഖ ഫെബ്രുവരിയിലാണ് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ ആനന്ദ് എളമൻ കേന്ദ്ര നഗരകാര്യ വികസന മന്ത്രാലയത്തിന് സമർപ്പിച്ചത്.
റിപ്പോർട്ടിൽ കേന്ദ്രം പരിശോധന ആരംഭിച്ചതായാണ് വിവരം. കേന്ദ്രം നിജപ്പെടുത്തിയ മെട്രോ നയത്തിെൻറ അടിസ്ഥാനത്തിൽ പദ്ധതിയുടെ ആവശ്യകതയും പ്രായോഗികതയും പരിശോധിച്ച് ധനവകുപ്പിെൻറയുൾപ്പെടെ അഭിപ്രായമാരാഞ്ഞശേഷമാണ് കേന്ദ്രം അന്തിമാനുമതി നൽകുക. ഇതിന് ഒരു വർഷംവരെ സമയമെടുത്തേക്കുമെന്നതിനാൽ സംസ്ഥാന സർക്കാറും എം.പിമാരും സമ്മർദം ശക്തമാക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.
അംഗീകാരം ലഭിച്ചാൽ ഭൂമിയേറ്റെടുക്കൽ ആരംഭിക്കും. നാലുവർഷം കൊണ്ട് 2773 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. മെഡിക്കൽ കോളജ് മുതൽ നഗരത്തിെൻറ ഹൃദയഭാഗങ്ങളിലൂടെ മീഞ്ചന്ത വരെ 13.33 കിലോമീറ്ററാണ് പദ്ധതിയുടെ റൂട്ട്. പൂർണമായും തൂണുകളിൽ ആകാശപാതയാണ് ഒരുക്കുക. 14 സ്റ്റേഷനുകളുണ്ടാവും.
മാവൂർ റോഡിെൻറ നടുവിലൂടെയാണ് പാത കടന്നുപോവുക എന്നതിനാൽ വലിയതോതിൽ ഭൂമി ഏറ്റെടുക്കുകയോ കച്ചവടക്കാരെ കുടിയൊഴിപ്പിക്കുകയോ വേണ്ടിവരില്ല എന്നാണ് കണക്കുകൂട്ടൽ. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിെൻറ വികസനത്തിനടക്കം പദ്ധതി മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്ത് 4673 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. രണ്ടു പദ്ധതികളുടെയും മൊത്തം ചെലവിെൻറ 40 ശതമാനം കേന്ദ്രവും സംസ്ഥാനവും ചേർന്നും ബാക്കി 60 ശതമാനം വിദേശ വായ്പയിലൂടെയും സമാഹരിക്കുകയാണ് ചെയ്യുക എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.