കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപാത തിങ്കളാഴ്ച തുറന്നുകൊടുക്കും. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് (പി.എം.എസ്.എസ്.വൈ) എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാത ആരോഗ്യമന്ത്രി വീണ ജോർജ് രാവിലെ 11ന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്കും പി.എം.എസ്.എസ്.വൈയിലേക്കും കൊണ്ടുപോകുന്നത് സ്ട്രെച്ചറിലും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിലുമാണ്. ഈ ബുദ്ധിമുട്ടുകൾക്കാണ് ആകാശപാതയിലൂടെ പരിഹാരമാവുക. മേൽക്കൂരയടക്കം ഉള്ളതിനാൽ ഏതു കാലാവസ്ഥയിലും സഞ്ചരിക്കാം. സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിലെ രണ്ടാമത്തെ ആകാശപാതയാണിത്. നിലവിൽ തിരുവനന്തപുരത്താണ് പാതയുള്ളത്. മാതൃശിശു ആരോഗ്യകേന്ദ്രത്തിന്റെ (ഐ.എം.സി.എച്ച്) കെട്ടിടത്തെകൂടി പാതയുടെ ഭാഗമാക്കാനുള്ള സംവിധാനങ്ങൾ ഭാവിയിൽ ഉണ്ടാവും.
നവീകരിച്ച എല്ലുരോഗ വിഭാഗം ഒ.പി ഉദ്ഘാടനം ഏഴിന്
മെഡിക്കൽ കോളജ് ആശുപത്രിയിലെ നവീകരിച്ച എല്ലുരോഗ വിഭാഗം ഒ.പി ഏഴിന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുമ്പ് ഒ.പി പ്രവർത്തിച്ചിരുന്ന 78ാം വാർഡിന്റെ ആകെയുള്ള ഘടനയിൽ മാറ്റം വരുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. കാത്തിരിപ്പ് സ്ഥലത്ത് 150ഓളം രോഗികൾക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റർ റൂം, ഡ്രസിങ് റൂം എന്നിവക്കു പുറമെ ഡോക്ടർമാരുടെ പരിശോധനമുറി അഞ്ചെണ്ണമാക്കി വർധിപ്പിച്ചിട്ടുമുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടർമാരുടെ പേര്, യൂനിറ്റ്, മറ്റു വിവരങ്ങളും കൃത്യമായ നൽകുന്ന സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. 33 ലക്ഷം രൂപയാണ് ചെലവഴിച്ച് ഹൗസിങ് ബോർഡാണ് നവീകരണം നടത്തിയത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) അനുവദിച്ച 1.73 കോടി ഫണ്ടിൽനിന്ന് 33 ലക്ഷം ചെലവഴിച്ചാണ് ഓർത്തോ ഒ.പിയുടെ പണി പൂർത്തീകരിച്ചത്. സർജറി ഒ.പിയുടെ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. മാതൃശിശു ആരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ ആരോഗ്യമന്ത്രി എ.ആർ. മേനോന്റെ പ്രതിമയും മന്ത്രി ഉദ്ഘാടനം ചെയ്യും.
ആകാശപാത അഥവാ സ്കൈ വാക്ക്
കഴിഞ്ഞ വർഷം ജൂണിലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. 20 ഇരുമ്പുതൂണുകളിലായി നിർമിച്ച പാതക്ക് 172 മീറ്റർ നീളവും 13 അടി വീതിയുമുണ്ട്. രണ്ടു ബാറ്ററി കാറുകൾക്ക് ഇരുവശത്തേക്കുമായി ഒരേ സമയം സഞ്ചരിക്കാനാവും.
മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒന്നാം നിലയുടെ വടക്കു ഭാഗത്തുനിന്ന് സൂപ്പർ സ്പെഷാലിറ്റിയുടെ തെക്കുഭാഗത്തേക്കും സൂപ്പർ സ്പെഷാലിറ്റിയുടെ പടിഞ്ഞാറു ഭാഗവുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പാത. സ്റ്റീൽ ചട്ടക്കൂടിലാണ് പാതയുടെ നിർമാണം. മുൻ മന്ത്രി ടി.പി. രാമകൃഷ്ണനാണ് പദ്ധതിക്ക് മുൻകൈ എടുത്തത്.
ഭാരത് പെട്രോളിയം കോർപറേഷന് ലിമിറ്റഡിന്റെ (ബി.പി.സി.എൽ) സി.എസ്.ആർ ഫണ്ടിൽനിന്ന് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. കോളജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അലുമ്നി അസോസിയേഷൻ 1.25 കോടിയും സംഭാവന ചെയ്തു. 2.25 കോടിക്ക് പൊതുമരാമത്ത് കരാറുകാരൻ കെ.വി. സന്തോഷ് കുമാർ കരാറെടുത്തു.
എന്നാൽ, മുൻ കലക്ടർ സാംബശിവ റാവുവിന്റെയും പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രന്റെയും അഭ്യർഥനപ്രകാരം രണ്ടു കോടിക്ക് പ്രവൃത്തി ചെയ്യാൻ കരാറുകാരൻ തയാറായി. കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദഗ്ധരാണ് പാത രൂപകൽപന ചെയ്തത്. പൊതുമരാമത്ത് വകുപ്പും എൻ.ഐ.ടിയും ചേർന്നുള്ള കമ്മിറ്റിയായിരുന്നു പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.
നിലം കോൺക്രീറ്റിട്ട് ടൈൽ പാകിയിട്ടുണ്ട്. ഇരുവശങ്ങളിലും സംരക്ഷണ ഷീറ്റുമുണ്ട്. ഫാന്‍, ലൈറ്റ്, സി.സി.ടി.വി കാമറ എന്നിവയും പാതയിൽ സ്ഥാപിച്ചിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു
ആകാശപാത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന്റേത് മികച്ച നേട്ടമാണെന്നും മഴയും വെയിലും കൊള്ളാതെ മറ്റു ബ്ലോക്കുകളിലേക്ക് എത്താന്‍ സഹായിക്കുന്ന ആകാശപാത ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണപ്രവൃത്തികള്‍ നിരീക്ഷിച്ച് വിലയിരുത്തിയ മന്ത്രി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും സന്ദര്‍ശിച്ചു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്, കെ.എം. സച്ചിന്‍ദേവ്, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.