ചാത്തമംഗലം: രാജ്യത്തെ ഉന്നത പഠന, ഗവേഷണ സ്ഥാപനങ്ങളിൽ മുമ്പന്തിയിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് 60 വയസ്സ്. വെസ്റ്റ്ഹിൽ പോളിടെക്നിക് കാമ്പസിൽ 125 വിദ്യാർഥികളുമായി 1961ൽ തുടങ്ങിയ പ്രയാണം ആറു പതിറ്റാണ്ടിെൻറ നിറവിലെത്തിനിൽക്കുേമ്പാൾ രാജ്യത്തെ മുൻനിരയിലാണ് സ്ഥാപനത്തിെൻറ സ്ഥാനം. ഇപ്പോൾ 6,500ലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ 11 ബിരുദ കോഴ്സുകളും 30 ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. കൂടാതെ, വിവിധ എൻജിനീയറിങ് വിഭാഗത്തിലും സയൻസ്, മാനേജ്മെൻറ് വിഷയങ്ങളിലും ഡോക്ടറേറ്റ് പ്രോഗ്രാമുകളുമുണ്ട്.
മൂന്നാം പഞ്ചവത്സരപദ്ധതിയുടെ തുടക്കത്തിലാണ് കോളജ് തുടങ്ങാൻ തീരുമാനിക്കുന്നത്. 1961 സെപ്റ്റംബർ ഒന്നിന് മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയാണ് റീജനൽ എൻജിനീയറിങ് കോളജ് (ആർ.ഇ.സി) ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി ഹുമയൂൺ കബീറാണ് ചാത്തമംഗലത്ത് പ്രധാന കെട്ടിടത്തിന് തറക്കല്ലിട്ടത്. 1963ലാണ് 250 വിദ്യാർഥികളുമായി കോഴിക്കോട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ ദൂരത്തുള്ള ചാത്തമംഗലത്തെ 120 ഹെക്ടറോളം വരുന്ന വിശാല കാമ്പസിലേക്ക് മാറിയത്. 1965ലാണ് ആദ്യമായി പെൺകുട്ടികൾ സ്ഥാപനത്തിൽ പഠിക്കാനെത്തുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട പി. രാജൻ ആർ.ഇ.സിയുടെ ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന രാജനെ 1976 മാർച്ച് ഒന്നിന് പുലർച്ചെയാണ് കാമ്പസിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രാജനെ കണ്ടെത്താനായി അച്ഛൻ ടി.വി. ഈച്ചരവാരിയർ നടത്തിയ പോരാട്ടം കേരളമനസ്സാക്ഷിയെ പിടിച്ചുലച്ചു. കെ. കരുണാകരന് 1977ൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെക്കേണ്ടി വന്നതും ഈ കേസുമായി ബന്ധപ്പെട്ടാണ്. രാജെൻറ സ്മരണക്കായി എൻ.ഐ.ടിയിൽ എല്ലാ വർഷവും നടത്തുന്ന 'രാഗം' കൾചറൽ ഫെസ്റ്റ് രാജ്യമൊട്ടുക്കും പ്രശസ്തമാണ്.
2002ലാണ് ഡീംഡ് പദവിയോടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയായത്. തുടക്കത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നീ മൂന്ന് ബിരുദ കോഴ്സുകളാണുണ്ടായിരുന്നത്. ഡോ. എം.വി. കേശവറാവുവായിരുന്നു ആദ്യ പ്രിൻസിപ്പൽ. തുടക്കത്തിൽ കേരള സർവകലാശാലയിൽ അഫിലിേയറ്റ് ചെയ്ത സ്ഥാപനം പിന്നീട് കാലിക്കറ്റ് സർവകലാശാലക്കു കീഴിലായി. ഇന്ത്യയിലെ എൻ.ഐ.ടികളിൽ ഏറ്റവുമധികം വിദ്യാർഥികൾ പ്രവേശനം നേടുന്ന ഈ സ്ഥാപനം എൻജിനീയറിങ് കോളജുകളുടെ ദേശീയ റാങ്കിങ്ങിൽ 23ാം സ്ഥാനത്തും ആർക്കിടെക്ചർ വിഭാഗം ദേശീയ റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്തും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ടാം സ്ഥാനത്തുമാണ്.
2020ൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 87.3 ശതമാനം ബിരുദ വിദ്യാർഥികൾക്കും കാമ്പസ് റിക്രൂട്ട്മെൻറിലൂടെ ജോലി ലഭിച്ചു. 11 ലക്ഷമാണ് ശരാശരി വാർഷികശമ്പളം. 43.31ലക്ഷമാണ് ഉയർന്ന ശമ്പളമായി നേടുന്നത്. 2021ൽ നാല് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് 67.6 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.
മൈക്രോ സോഫ്റ്റ്, ആമസോൺ, ജെ.പി. മോർഗൻ, ജനറൽ ഇലക്ട്രിക്, ഗോൾഡ്മാൻസാച്സ്, ടാറ്റ, ഫോർഡ്,ഫിലിപ്പ്സ്, ഇൻഫോസിസ് തുടങ്ങി ലോകത്തെ മുൻനിര കമ്പനികളുടെ ഇഷ്ട റിക്രൂട്ട്മെൻറ് സെൻററായ കോഴിക്കോട് എൻ.ഐ.ടി ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികച്ച ഗവേഷണകേന്ദ്രമായും വളർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.