സ്കൂൾ ബസ് മേഖലയിലേക്കും കെ.എസ്.ആർ.ടി.സി ഇറങ്ങുന്നു. സ്കൂൾ ബസുകൾക്ക് പകരമായാണ് കെ.എസ്.ആർ.ടി.സി ബസ് ഓടുക. സ്റ്റുഡൻറ് ബോണ്ട് സർവിസ് എന്ന പേരിലാണ് പദ്ധതി. ജില്ലയിൽ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു.
പി.ടി.എ വിദ്യാർഥികളിൽനിന്ന് ബസ് ചാർജ് പിരിച്ചുനൽകണം. ടിക്കറ്റ് നിരക്കിെൻറ 25 ശതമാനം മതി വിദ്യാർഥികൾക്ക്. സ്കൂൾ ബസ്ചാർജുമായി താരതമ്യം ചെയ്യുേമ്പാൾ വിദ്യാർഥികൾക്ക് ഇത് മെച്ചമാവും എന്നാണ് വിലയിരുത്തൽ. മാത്രമല്ല, ബസിെൻറ അറ്റകുറ്റപ്പണിച്ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. റൂട്ട് നിശ്ചയിക്കുക സ്കൂളുകളാണ്.കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ സ്കൂളിലെ ഒരു അധ്യാപകനോ മറ്റു സ്റ്റാഫോ ബസിലുണ്ടാവും. വിദ്യാർഥികളെ മാത്രമേ ബസിൽ പ്രവേശിപ്പിക്കൂ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്കൂൾ സർവിസ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി.
നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കാനിരിക്കെ അവസരം വിനിയോഗിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. സ്കൂൾ ബസുകൾ ഇത്രയും കാലം കട്ടപ്പുറത്തായതിനാൽ ഇനി സർവിസ് നടത്തണമെങ്കിൽ ഭാരിച്ച ചെലവുവരും.ഇത് വിദ്യാർഥികളിൽനിന്നാണ് സ്കൂളുകൾ ഇൗടാക്കുക. കെ.എസ്.ആർ.ടി.സി സ്റ്റുഡൻറ് ബോണ്ട് സർവിസ് ആരംഭിക്കുന്നതോടെ ഈ തലവേദന സ്കൂളുകൾക്കൊഴിവാകും.
കോഴിക്കോട് ജില്ലയിൽ മികച്ച പ്രതികരണമാണ് കെ.എസ്.ആർ.ടി.സിയുടെ ആശയത്തിന് ലഭിക്കുന്നത്. 25 ഓളം സ്കൂളുകൾ ഇതിനകം കെ.എസ്.ആർ.ടി.സിയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. കാരന്തൂർ മർകസ്, ജെ.ഡി.ടി, സെൻറ് വിൻസൻറ് കോളനി സ്കൂൾ, ബി.ഇ.എം, നടക്കാവ്, ചാലപ്പുറം ഗണപത്, അച്യുതൻ ഗേൾസ്, ബേപ്പൂർ, മീഞ്ചന്ത തുടങ്ങിയ സ്കൂളുകളാണ് പദ്ധതി സ്വീകരിക്കാൻ തയാറായിരിക്കുന്നത്.ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. പരമ്പരാഗത രീതി വിട്ട് വരുമാനത്തിന് പുതിയ സാധ്യതകൾ തേടുകയാണ് ആനവണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.