കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. എൽ.ഡി.എഫിലെ ടി.പി. മാധവൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹം വിജയിച്ചത്. 19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒമ്പത് പേരും യു.ഡി.എഫിന് പത്ത് പേരുമാണുള്ളത്. യു.ഡി.എഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതിനാൽ തുല്യനിലയുണ്ടായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു.
യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് രണ്ടുവർഷവും മുസ്ലിം ലീഗിന് മൂന്നു വർഷവും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ ബാബു നെല്ലൂളി രാജിവെച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗിലെ അരിയിൽ അലവിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിലെ ചെറുവാടി ഡിവിഷൻ അംഗം സുഹറ വെള്ളങ്ങോട്ടിന്റെ വോട്ടാണ് അസാധുവായത്. എ.ഡി.സി ജനറൽ എം. മിനി വരണാധികാരിയായിരുന്നു.
ചെറുകുളത്തൂർ ഡിവിഷനിൽനിന്ന് വിജയിച്ച ടി.പി. മാധവൻ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറിയും ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഇത്തവണ ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം പി.ടി.എ റഹീം എം.എൽ.എ ടി.പി. മാധവനെ ഷാൾ അണിയിച്ചു. എൽ.ഡി.എഫ് ആഹ്ലാദപ്രകടനത്തിന് സി.പി.എം കുന്ദമംഗലം ഏരിയ സെക്രട്ടറി പി. ഷൈപു, എം.എം. സുധീഷ് കുമാർ, എം.കെ. മോഹൻദാസ്, പി.പി. ഷിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
അതേസമയം, വോട്ട് അസാധുവായത് എൽ.ഡി.എഫും വരണാധികാരിയും തമ്മിലെ ഒത്തുകളിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ വിധി അട്ടിമറിച്ചതായി യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. 19 അംഗ സമിതിയിൽ 10 അംഗങ്ങളുടെ വോട്ട് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി അരിയിൽ അലവിക്ക് രേഖപ്പെടുത്തിയിട്ടും റിട്ടേണിങ് ഓഫിസർ കാരണങ്ങളില്ലാതെ അസാധുവാക്കി പ്രഖ്യാപിച്ചെന്നും യു.ഡി.എഫ് ആരോപിച്ചു. പി. മൊയ്ദീൻ, പി.കെ. ഫിറോസ്, കെ.എ. ഖാദർ, വിനോദ് പടനിലം, കെ. മൂസ മൗലവി, പി. കേളുക്കുട്ടി, എൻ.പി. ഹംസ, ഖാലിദ് കിളിമുണ്ട, ഒ. ഉസ്സയിൻ, എം. ധനീഷ് ലാൽ, എ.കെ. ഷൗക്കത്ത്, അരിയിൽ മൊയ്ദീൻ ഹാജി, എം. ബാബുമോൻ എന്നിവർ സംബന്ധിച്ചു. യു.ഡി.എഫ് പ്രവർത്തകർ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.