കുറ്റിക്കാട്ടൂർ: വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിൽനിന്ന് മോചനം നേടി ഒരുപ്രദേശം. പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മേലെ മുതലക്കുണ്ട് നിലത്തെ കുടുംബങ്ങളാണ് വെള്ളപ്പൊക്ക നിയന്ത്രണ കനാൽ നിർമിച്ച് ദുരിതക്കെട്ടിൽനിന്ന് കരകയറിയത്. പതിറ്റാണ്ടുകളായുള്ള പ്രയാസത്തിന് അറുതിയായതിന്റെ ആശ്വാസത്തിലാണ് പ്രദേശം. തൊഴിലുറപ്പ് പദ്ധതിയിലാണ് 13 ലക്ഷം ചെലവഴിച്ച് കനാൽ നിർമിച്ചത്. വെള്ളം ഒഴുകിപ്പോകുന്നതിന് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മഴയെത്തുമ്പോഴേക്ക് ഇവിടെ വെള്ളക്കെട്ട് പതിവാണ്.
വീടിനകത്തും പരിസരത്തും മാസങ്ങളോളം വെള്ളം തളംകെട്ടി നില്ക്കും. ചില വീട്ടുകാര്‍ താമസമൊഴിയുന്നതും പതിവാണ്. ചുറ്റുഭാഗവും ഉയര്‍ന്ന പ്രദേശമായതിനാല്‍ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഫലംകണ്ടില്ല. ഇതേതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ ഉപയോഗപ്പെടുത്തി സാങ്കേതിക പരിശോധന നടത്തിയിരുന്നു.
ഭൂവിതാനം പരിശോധിച്ച് കല്ലേരിയില്‍ നിലവിലുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കിക്കളയാനുള്ള വഴി കണ്ടെത്തുന്ന പ്രക്രിയയാണ് ആദ്യഘട്ടമായി നടന്നത്. തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഭൂമി ലഭ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ 243 മീ. നീളത്തില്‍ കോണ്‍ക്രീറ്റ് കനാല്‍ നിര്‍മിക്കുകയായിരുന്നു. ഇതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പൂര്‍ണമായി പരിഹാരമുണ്ടായി. കാലവർഷമെത്തിയാൽ നിരവധി കുടുംബങ്ങൾ വീടൊഴിയുന്ന ദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. 466 തൊഴില്‍ ദിനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
പ്രദേശത്തിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ ജില്ല കലക്ടര്‍ എ. ഗീത പദ്ധതി ഉദ്ഘാടനംചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് നിവാരണത്തിന് ഈ പദ്ധതിയെ മാതൃകയായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സ്ഥിരം സമിതി ചെയര്മാന്മാരായ പി.കെ. ഷറഫുദ്ദീന്, സീമ ഹരീഷ്, ബി.ഡി.ഒ ഡോ. പ്രിയ, പി.എം. ബാബു, സി.എം. സദാശിവന്, അക്രഡിറ്റ് എൻജിനീയർ എ.വി. ഹാദിൽ, കെ. മുരളീധരന് പിള്ള, വി. ശശിധരന്, ഇ. രാമചന്ദ്രന്, പി.പി. അബ്ദുറഹിമാന് ഹാജി, ടി.പി. മന്‍സൂര്‍, റഹ്മാന് ചാലിയം, പി.എ. അഫ്സത്ത്, പി.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.