കുറ്റിക്കാട്ടൂർ: കേരള വാട്ടർ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രി അടക്കമുള്ള നഗര പ്രദേശങ്ങളിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടി. മാവൂർ-കോഴിക്കോട് റോഡിൽ ആനക്കുഴിക്കര ഭാഗത്താണ് തിങ്കളാഴ്ച രാവിലെ ആറോടെ പൈപ്പ് പൊട്ടിയത്.
വളരെ ഉയരത്തിൽ കുതിച്ചുപൊങ്ങിയ ജലം റോഡിൽ പ്രളയ സമാനമായ അവസ്ഥയുണ്ടാക്കി. കുറ്റിക്കാട്ടൂർ അങ്ങാടിയിലേക്ക് പരന്നൊഴുകി തുടങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളജ്, കുറ്റിക്കാട്ടൂർ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങി.
കുളിമാട് പമ്പിങ് സ്റ്റേഷനിലെ സ്റ്റേജ് ഒന്ന് 54 എം.എൽ.ഡി ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നുള്ള പൈപ്പാണ് പൊട്ടിയത്. ഇതുകാരണം ഈ പ്ലാൻറിൽ നിന്നുള്ള ജലവിതരണം നിർത്തിവെച്ചു.
18 എം.എൽ.ഡി ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നുള്ള വിതരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 72 ദശലക്ഷം ലിറ്റർ ജലമാണ് ദിനേന പമ്പ് ചെയ്യുന്നത്. ഇതിൽ 54 ദശലക്ഷത്തിന്റെ കുറവ് വരുന്നത് ജലക്ഷാമത്തിനിടയാക്കും. ഏത് പൈപ്പിലാണ് പൊട്ടൽ ഉണ്ടായതെന്ന് കണ്ടെത്തിയശേഷമേ പ്രവൃത്തി നടത്താൻ ആകൂ.
എങ്കിലും അടിയന്തര പ്രാധാന്യത്തിൽ നന്നാക്കുമെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് നന്നാക്കുന്നതിനുള്ള പ്രവൃത്തി തിങ്കളാഴ്ചതന്നെ തുടങ്ങിയിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷനുസമീപം സമാന രീതിയിൽ പൈപ്പ് പൊട്ടിയിരുന്നു.
റോഡിൽ പ്രളയ സമാന അവസ്ഥ
കുറ്റിക്കാട്ടൂർ: കേരള ജല അതോറിറ്റിയുടെ മാവൂരിൽനിന്നുള്ള ജലവിതരണ കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 6, 7, 8 ദിവസങ്ങളിൽ മെഡിക്കൽ കോളജ്, കുറ്റിക്കാട്ടൂർ, മലാപ്പറമ്പ് എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ കൂടുതൽ ജലം മുൻകൂറായി സംഭരിച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8547638209.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.