കുറ്റ്യാടി: വസ്ത്രാലയത്തിൽ വസ്ത്രമെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ജീവനക്കാരൻ ഉപദ്രവിച്ച കേസിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ നൽകിയ റിപ്പോർട്ടിൽ ലൈംഗിക പീഡനവും നടന്നതായി സൂചന. ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ തൊട്ടിൽപാലം എസ്.എച്ച്.ഒയോട് നിർദേശിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൽ നാസർ അറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഉമ്മയോടൊപ്പം കടയിലെത്തിയ കുട്ടിയെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ജീവനക്കാരൻ ഉപദ്രവിച്ചത്. മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തുടർന്ന് ജീവനക്കാരൻ ചാത്തങ്കോട്ടുനട ചേനക്കാത്ത് അശ്വന്തിനെ (28) തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതേത്തുടർന്ന് കുടുംബം ചൈൽഡ് ലൈനിലും നാദാപുരം ഡിവൈ.എസ്.പിക്കും പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിങ്കളാഴ്ച കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്തു. കടയുടെ ഒന്നാം നിലയിൽ ഉമ്മയുടെ അടുത്തുനിന്ന് വസ്ത്രം തിരയുന്ന കുട്ടിയെ വേറെ സ്ഥലത്തുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരൻ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് മാതാവ് പറഞ്ഞു. എന്നാൽ, കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന കുട്ടി നമുക്ക് ഇവിടെനിന്ന് ഡ്രസ് എടുക്കേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതോടെയാണ് അക്രമത്തിനിരയായ വിവരം മാതാവ് അറിയുന്നത്.
ആദ്യം ജീവനക്കാരൻ സംഭവം നിഷേധിച്ചിരുന്നു. നാട്ടുകാർ സി.സി.ടി.വി പരിശോധിക്കാൻ കട ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയുടെ വീട്ടിലെത്തിയ തൊട്ടിൽപാലം പൊലീസ് കുട്ടിയുടെ മാത്രം മൊഴിയെടുത്ത് ഒപ്പുവെപ്പിക്കുകയും കൂടെയുണ്ടായിരുന്ന ഉമ്മയുടെ മൊഴിയെടുക്കാതെയുമാണ് കേസെടുത്തതെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു.
ഞായറാഴ്ച തൊട്ടിൽപാലം പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ഭയം കാരണം കുട്ടിയും മാതാവും ആവശ്യമായ മൊഴി നൽകിയിരുന്നില്ല. അതിനാലാണ് തിങ്കളാഴ്ച വീണ്ടും തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.