വെള്ളിമാട്കുന്ന്: അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ പാലം നിർമാണം എങ്ങനെ പൂർത്തിയാക്കുമെന്നാണ് പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണത്തെക്കുറിച്ച് ചോദ്യമുയരുന്നത്. 23 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ മുക്കാൽ ഭാഗം പ്രവൃത്തിയും പൂർത്തിയായിട്ടും സമീപന റോഡിനുള്ള സ്ഥലം ഏറ്റെടുത്തുകൊടുത്തിട്ടില്ലെന്ന് കരാറുകാരും പറയുന്നു. പാലത്തിന്റെ പണിയോടൊപ്പം അപ്രോച്ച് റോഡിന്റെ പണിയും നടത്താൻ കഴിയുമെന്നിരിക്കെ സ്ഥലം കിട്ടാത്തതിനാൽ നീട്ടിക്കിട്ടിയ നിർമാണ കാലാവധിയും കഴിയുകയാണ്. 18 മാസത്തെ കാലാവധിയായിരുന്നു ആദ്യം നൽകിയത്. തുടർന്ന് ആറുമാസം കൂടി നീട്ടി നൽകി. അതും ആഗസ്റ്റോടെ കഴിയുമെന്നിരിക്കെ വീണ്ടും ആറുമാസം കൂടി കാലാവധിക്ക് കാത്തിരിക്കേണ്ട ഗതികേടിലാണ് കരാറുകാർ. ഗർഡറിന്റെയും പുഴക്കരക്ക് റീട്ടെയിൻ വാൾ നിർമിക്കുന്നതിന്റെയും പണി തുടങ്ങാനിരിക്കുകയാണ്. റെഗുലേറ്ററിന്റെ ഷട്ടർ പ്രവൃത്തി പൂർത്തിയായി. ഇനി പുഴയിൽ ഇറക്കിവെക്കണം.
പുഴക്ക് താഴ് ഭാഗത്തേക്ക് 100 മീറ്ററിലും മുകളിലേക്ക് 200 മീറ്ററിലുമാണ് റീട്ടെയിൻ വാൾ നിർമിക്കുക. 10 മീറ്റർ വീതിയിലാണ് പാലം. ഏഴര മീറ്റർ കാരേജ് വേയും ഒന്നര മീറ്ററിൽ ഒരു ഭാഗത്ത് നടപ്പാതയുമുണ്ടാകും. 14 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളിലായാണ് പാലം.
രണ്ടര മീറ്റർ ഉയരത്തിൽ 12 മീറ്റർ നീളത്തിൽ നാലു ഷട്ടറുകളാണ് റെഗുലേറ്ററിനുള്ളത്. പുഴക്കരയിലെ മരങ്ങൾ മുറിച്ചുമാറ്റാത്തതിനാലും പ്രവൃത്തി വൈകുകയാണ്. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മുൻ എം.എൽ.എ എ. പ്രദീപ് കുമാറും മന്ത്രി എ.കെ. ശശീന്ദ്രനും താൽപര്യമെടുത്താണ് പാലത്തിന് ശ്രമം ആരംഭിച്ചത്.
സ്ഥലം എം.എൽ.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രന്റെ ഇടപെടൽ കുറഞ്ഞതാണ് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ളവ വൈകാൻ കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.