വടകര: റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോം ഉയർത്തൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നുവെന്ന് പരാതി. ഇതോടെ യാത്രക്കാരും ദുരിതത്തിലായി. ഒന്നരകോടി രൂപ ചെലവിലാണ് പ്ലാറ്റ്ഫോം ആധുനികവത്കരിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ ഇരുഭാഗങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. പ്രവൃത്തി ഇഴയുന്നതിനാൽ ഇതുവഴി യാത്രക്കാർക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ട്രെയിനുകളിലേക്ക് ഓടിക്കയറുന്ന യാത്രക്കാർ നിർമാണസാമഗ്രികളിൽ തട്ടി അപകടത്തിൽപെടുന്ന സ്ഥിതിയുമുണ്ട്. കെ. മുരളീധരൻ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. കോവിഡിനുമുമ്പ് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് നിർമാണം ആരംഭിച്ചത്. ഉയരക്കുറവ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതിനാൽ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ്ഫോം ഉയർത്തിക്കെട്ടുന്നത്. റെയിൽ പാളത്തിൽനിന്ന് 84 സെന്റിമീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തേണ്ടത്. നിലവിൽ 70 മുതൽ 76 മീറ്റർ വരെയാണ് ഉയരം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തുക. ഇതോടൊപ്പം പ്രവേശന കവാടവും ഗ്രാനൈറ്റ് പതിച്ച് നവീകരിക്കും. മധുരയിലെ രാജേന്ദ്രൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ കൂടി റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് അനുവദിച്ചിട്ടുണ്ട്. രണ്ടാം പ്ലാറ്റ്ഫോം ഗ്രാനൈറ്റ് പതിക്കാനും ഓട നിർമാണം, പാർക്കിങ് ഏരിയ മേൽക്കൂര എന്നിവയുടെ വികസനത്തിനുമാണ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.