കോഴിക്കോട്: കണ്ണൂർ ദേശീയപാതയും വയനാട് ദേശീയ പാതയും സന്ധിക്കുന്ന മലാപ്പറമ്പ് ജങ്ഷനിൽ അടിപ്പാത നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പാലം നിർമാണം. തൊട്ടടുത്ത് ബാലുശ്ശേരി സംസ്ഥാന പാതക്കായി വേങ്ങേരി ജങ്ഷനിലെ അടിപ്പാത പണി ഏറക്കുറെ തീർന്ന ഘട്ടത്തിലാണ് മലാപ്പറമ്പിൽ പണി തുടങ്ങുന്നത്. ഔദ്യോഗികമായ കുറച്ച് നടപടിക്രമം കൂടി കഴിഞ്ഞാൽ നിർമാണം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങൾ തിരിച്ചു വിടുന്നതിനായി ചുറ്റു ഭാഗത്തും ടാറിടൽ കഴിഞ്ഞു. ഇനി റൗണ്ട് എബൗട്ട് ഉണ്ടാക്കണം. ശനിയാഴ്ച മുതൽ അതിന്റെ പണി തുടങ്ങും. പൈപ്പ് മാറ്റലും നടക്കണം. റോഡിന്റെ ഡിവൈഡറുകൾ വെക്കണം. ബോർഡുകളും സ്ഥാപിക്കണം.
അത് കഴിഞ്ഞാൽ വാഹനം പല ഭാഗത്തേക്ക് തിരിഞ്ഞ് പോവാനുള്ള സംവിധാനമൊരുക്കും. വാഹനങ്ങൾ തിരിച്ചു വിട്ട് പുതിയ പരിഷ്കാരം സുഖകരമാണെന്ന് രണ്ട് ദിവസം നോക്കിയ ശേഷമേ അടിപ്പാലത്തിനായി റോഡ് പൂർണമായി കുഴിക്കുകയുള്ളൂ. ചുറ്റുമുള്ള മണ്ണ് നീക്കുന്ന പണിയാണ് ഇപ്പോൾ തുടങ്ങിയത്.
വയനാട് റോഡിൽ 40 മീറ്റർ നീളത്തിലും 27 മീറ്റർ വീതിയിലും 22 അടി ഉയരത്തിലുമാണ് അടിപ്പാലം. കണ്ണൂർ ഭാഗത്ത് നിന്നും രാമനാട്ടുകര ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗത്തെ റോഡിലൂടെയാവും പോവുക. കോഴിക്കോട് നഗരത്തിലേക്ക് കണ്ണൂർ ഭാഗത്ത് നിന്ന് വരേണ്ടവ വയനാട് റോഡിൽ കയറി ബിഷപ് ഹൗസിന് മുന്നിൽ നിന്ന് യു ടേൺ എടുത്ത് പാലം പണിനടക്കുന്ന ഭാഗം ചുറ്റി നഗരത്തിലേക്ക് വരേണ്ടി വരും. തൃശൂർ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ളവ നഗരത്തിലേക്കുള്ള റോഡിൽ കയറിയശേഷം ദേശീയപാതയിൽ കയറി കണ്ണൂർ ഭാഗത്തേക്ക് പോകണം. തൃശൂർ ഭാഗത്ത് നിന്ന് വയനാട് റോഡിലേക്ക് വരുന്നവർക്ക് പനാത്ത് താഴം ജങ്ഷനിൽ നിന്ന് കോവൂർ-ഇരിങ്ങാടൻ പള്ളി റോഡ് ഉപയോഗിക്കാനാവും. വയനാട് നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ളവ കാരന്തൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേവരമ്പലം വഴി പോവാം. രാമനാട്ടുകരക്കും വെങ്ങളത്തിനുമിടയിൽ 28.4 കിലോമീറ്റർ നീളത്തിലുള്ള ആറു വരിപ്പാതയാക്കൽ 80 ശതമാനത്തോളം തീർന്നതായാണ് കരാറുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.