കോഴിക്കോട്: തന്റെ പുസ്തകങ്ങളെക്കുറിച്ച് മലയാള പത്രങ്ങൾ ഒരുവരിപോലും നൽകാൻ തയാറാകാത്തത് വേദനയുണ്ടാക്കിയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. മിസോറമിനെക്കുറിച്ച് എഴുതിയ ‘ഓ മിസോറാം’ എന്ന പുസ്തകം ഇന്ത്യയിലെ 18 മാധ്യമസ്ഥാപനങ്ങൾക്കും അയച്ചുകൊടുത്തിരുന്നു. 17 ഭാഷകളും അതേക്കുറിച്ച് വാർത്ത നൽകാൻ തയാറായി. എന്നാൽ, മലയാള പത്രങ്ങളൊന്നുംതന്നെ വാർത്ത നൽകിയില്ലെന്നത് വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ പിള്ള രചിച്ച ഐക്കൺസ് ഓൺ മൈ ലിറ്ററേച്ചർ, സ്ത്രീരത്നങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനത്തിനിടെയായിരുന്നു പരാമർശം. ഒരു പത്രത്തിലും വിളിച്ച് എന്റെ വാർത്ത നൽകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. പറഞ്ഞാൽ കൊടുക്കുമെന്നുറപ്പുണ്ട്. ആരെയും കുറ്റപ്പെടുത്താനല്ല, ആത്മരോദനമാണ്. ഉള്ളിന്റെ ഉള്ളിലെ നൊമ്പരമാണ് പുസ്തകമായി പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. 200 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മലയാളത്തിലെ ഒരു പ്രമുഖൻ പരിഹസിച്ചുകൊണ്ട് ചോദിച്ചത് ‘എഞ്ചുവടികൾ ആയിരിക്കും, അല്ലേ’ എന്നായിരുന്നു.
മനസ്സിൽ വിഷമം തോന്നിയെങ്കിലും വെല്ലുവിളികളെ അവസരമാക്കി മാറ്റുകയാണ് താൻ ചെയ്തതെന്നും ശ്രീധരൻപിള്ള പറഞ്ഞു. വിജിലും സൗഹൃദസംഘവും ചേർന്ന് സംഘടിപ്പിച്ച ‘അക്ഷരയാത്ര @50’ എന്ന പരിപാടി സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐക്കൺസ് ഓൺ മൈ ലിറ്ററേച്ചർ എന്ന പുസ്തകം സി. രാധാകൃഷ്ണൻ പി.ജെ. ജോഷ്വക്ക് നൽകിയും സ്ത്രീരത്നങ്ങൾ എന്ന പുസ്തകം സി. രാധാകൃഷ്ണൻ എം.പി. അഹമ്മദിന് നൽകിയും പ്രകാശനം ചെയ്തു. പി.വി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു.ആറ്റക്കോയ പള്ളിക്കണ്ടി, അഡ്വ. ജോസഫ് തോമസ്, പി.ജെ. ജോഷ്വാ, ടി.എച്ച്. വത്സരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.