കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ എല്ലായിടത്തും അയഞ്ഞിട്ടും തുറക്കാതിരുന്ന മാനാഞ്ചിറ സ്ക്വയർ ശനിയാഴ്ച മുതൽ തുറന്നു. എറെ കാലത്തിന് ശേഷം വൈകീട്ട് തുറന്ന സ്ക്വയറിൽ നല്ല തിരക്കായിരുന്നു. ഞായറാഴ്ച അവധിദിവസം നല്ല തിരക്കാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഞായറാഴ്ചകളിൽ ദൂരദിക്കിൽ നിന്നടക്കമെത്തിയ നിരവധി സന്ദർശകർ നിരാശരായി മടങ്ങിയിരുന്നു.
നഗരത്തിലെ വിനോദകേന്ദ്രങ്ങളിലെല്ലാം പ്രവേശനമായെങ്കിലും മാനാഞ്ചിറ സ്ക്വയർ മാത്രം തുറക്കാത്തത് പരാതിക്കിടയാക്കിയിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പണിത ഓപൺ ജിംനേഷ്യത്തിൽ മാത്രമാണ് പ്രവേശനം നൽകിയിരുന്നത്. മാനാഞ്ചിറ സ്ക്വയറും അതോട് ചേർന്ന അൻസാരിപ്പാർക്കിലെ കുട്ടികളുടെ ലിറ്റററി പാർക്കും ശനിയാഴ്ച സന്ദർശകർക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കടപ്പുറവും സരോവരം ജൈവോദ്യാനവുമെല്ലാം നേരത്തെ തുറന്നിരുന്നു.
കൂടുതൽ പുതുമകളോടെയാണ് സ്ക്വയർ വീണ്ടും തുറന്നത്. ബി.ഇ.എം സ്കൂളിന് സമീപത്ത് പണിത ശുചിമുറിസമുച്ചയം നടത്തിപ്പ് കുടുംബശ്രീയെ ഏൽപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഒക്ടോബറിൽ നവീകരണം കഴിഞ്ഞ് തുറന്ന സ്ക്വയർ കോവിഡ് രൂക്ഷമായതോടെ ഡിസംബറിലാണ് പിന്നെയും അടച്ചത്. വിനോദസഞ്ചാര വകുപ്പിെൻറ 1.7 കോടിയും കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ 80 ലക്ഷവും നഗരസഭ ഫണ്ടും ഉപയോഗിച്ച് നവീകരിച്ചതാണ് സ്ക്വയർ. അറ്റകുറ്റപ്പണി വൈകിയതിനാലാണ് തുറക്കാൻ വൈകിയതെന്നാണ് കോർപറേഷൻ അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.